Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പു വിഭജനം തർക്കത്തിലെന്ന് കുമാരസ്വാമി; പക്ഷേ കർണാടക സർക്കാർ താഴെ വീഴില്ല

H.D. Kumaraswamy എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു∙ കർണാടകയിലെ കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു ചെറിയ ചില തർക്കങ്ങളുണ്ടെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എന്നാൽ, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴാണു വകുപ്പു വിഭജനം കീറാമുട്ടിയായി മാറിയത്.

വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു ഹൈക്കമാൻഡിൽനിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ‘വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ചെറിയ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല’ – കുമാരസ്വാമി പറഞ്ഞു.

‘മുന്നിൽ വരുന്ന പ്രശ്നങ്ങളെ അഭിമാന പ്രശ്നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. മറിച്ചു സംഭവിച്ചാൽ എന്താകുമെന്നു നോക്കാം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ല’ – വകുപ്പു വിഭജനത്തെയും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെ കുമാരസ്വാമി പറഞ്ഞു.

കർണാടക സർക്കാരിലെ കോൺഗ്രസ് പങ്കാളിത്തത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും കർണാടകയുടെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നു ഡൽഹിയിലെത്തിയിരുന്നു. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പോയത്.

related stories