Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം വാർഷികത്തിൽ മോദിക്ക് അഭിനന്ദനവും കുത്തുമായി നിതീഷ് കുമാർ

nitish-kumar-narendra-modi നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

പട്ന∙ ബിജെപി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനത്തോടൊപ്പം ഒരു ‘കുത്തും’ നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എൻഡിഎയുടെ ഘടകകക്ഷി കൂടിയായ ജെഡിയുവിന്റെ അധ്യക്ഷൻ നിതീഷ് കുമാർ പൊതുപരിപാടിയിലൂടെയും പിന്നീടു ട്വിറ്ററിലൂടെയുമാണു പരോക്ഷ വിമർശനം നടത്തിയത്.

നാലു വർഷം പൂർത്തിയാക്കിയതിൽ അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തവണ്ണം സർക്കാർ ഉയരുമെന്നാണു വിശ്വസിക്കുന്നതെന്നും നിതീഷ് ട്വിറ്ററിൽ കുറിച്ചു. സഖ്യകക്ഷിയാണെങ്കിലും ഇരു പാർട്ടിയിലെയും തലമുതിർന്ന നേതാക്കൾ തമ്മിൽ ഇപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ട്.

ട്വീറ്റ് ചെയ്യുന്നതിനു മുമ്പു നടന്ന ഒരു പൊതുയോഗത്തിൽ, സംസ്ഥാനത്തിനു പ്രത്യേക പദവി ലഭിക്കാതെ ബിഹാറിൽ സ്വകാര്യ നിക്ഷേപം അനുവദിക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ചടങ്ങു കഴിഞ്ഞു പുറത്തുപോകുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല. പിന്നീടായിരുന്നു ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയം ബിഹാറിനെ തകർത്തുകളഞ്ഞിരുന്നു. 500 ലേറെ പേർ മരിക്കുകയും 1.6 കോടി ജനങ്ങളെ ബാധിക്കുകയും ചെയ്ത പ്രളയത്തിൽ 7636 കോടി രൂപ ധനസഹായമാണു നിതീഷ് കുമാർ ആവശ്യപ്പെട്ടത്. എന്നാൽ പ്രധാനമന്ത്രി വ്യോമസന്ദർശനം നടത്തി പ്രഖ്യാപിച്ച 500 കോടി ഉൾപ്പെടെ 1711 കോടി രൂപ മാത്രമേ പിന്നീട് അനുവദിച്ചുള്ളൂ. ഇതിൽ ജെഡിയു സംസ്ഥാന നേതാക്കൾ അമർഷം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ ഉണ്ടായ സംഭവത്തിൽ ബിജെപി നേതാക്കളെ നിലയ്ക്കു നിർത്തണമെന്ന നിതീഷ് കുമാറിന്റെ ആവശ്യവും ഇരുപാർട്ടികൾക്കിടയിലുമുള്ള നീരസം കൂട്ടിയിരുന്നു.

related stories