Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദമായി; കോഴിക്കോട് മെഡി. കോളജിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

Nipah-Scare നിപ്പ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാസ്ക് കൊണ്ട് മുഖം മറച്ച് ആശുപത്രിയില്‍ എത്തിയിരിക്കുന്നവര്‍. ചിത്രം: സജീഷ് ശങ്കര്‍

കോഴിക്കോട് ∙ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് െമഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു. റഫറല്‍ കേസുകൾക്കു നിയന്ത്രണമില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പന്ത്രണ്ടുപേരാണു രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയില്‍ തുടരുകയാണ്.

നിപ്പ വൈറസ് ബാധ പകരുന്നത് ഒഴിവാക്കാനായി രോഗികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ മെഡിക്കല്‍ കോളജ് അധികൃതർ തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ആരോഗ്യവകുപ്പ് മലക്കം മറിഞ്ഞു.

അതേസമയം, രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടായത് ശുഭസൂചനയായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. 77 രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. 12 പേരാണ് രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം മരിച്ച നരിപ്പറ്റ സ്വദേശി കല്ല്യാണിക്ക് രോഗബാധയുണ്ടായത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നും സ്ഥിരീകരിച്ചു.