Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ നിയന്ത്രണത്തെപ്പറ്റി ഇന്ത്യയോട് ആരും പറയുന്നില്ല: മുഷറഫ്

pervez-musharraf പർവേസ് മുഷറഫ് (ഫയൽ ചിത്രം)

വാഷിങ്ടൻ ∙ ആണവകാര്യങ്ങളിൽ ലോക രാജ്യങ്ങൾക്ക് ഇന്ത്യയോടും പാക്കിസ്ഥാനോടും രണ്ടു സമീപനമാണെന്നു പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. വോയിസ് ഓഫ് അമേരിക്കയ്ക്കു നൽകിയ അഭിമുഖത്തിലാണു മുഷറഫ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തോന്നുമ്പോഴൊക്കെ യുഎസ് പാക്കിസ്ഥാനെ ‘കുത്തും’, എന്നാൽ ഇന്ത്യയ്ക്ക് അനുകൂല നിലപാടുമെടുക്കും. ഇന്ത്യയുടെ ആണവ പരിപാടികളിൽ നിയന്ത്രണം കൊണ്ടുവരാൻ ആരും ആവശ്യപ്പെടുന്നില്ല. ഇന്ത്യ ഉയർത്തുന്ന ആണവ ഭീഷണിയെ ചോദ്യം ചെയ്യാനും ആരും മുതിരുന്നില്ല. അതു തടയാനാണ് യുഎസ് ശ്രമിക്കേണ്ടത്. ഞങ്ങൾ എല്ലായ്പ്പോഴും യുഎസിനോടു കൂറുള്ളവരായിരുന്നു- മുഷറഫ് വ്യക്തമാക്കി.

പാക്കിസ്ഥാനും ഇന്ത്യയും തന്റെ കാലത്തു സമാധാനത്തിന്റെ പാതയിലായിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി സമാധാനത്തിനു താൽപര്യമുള്ളയാളല്ല. താൻ പ്രസിഡന്റായിരുന്ന സമയം എ.ബി. വാജ്പേയിയുമായും മൻമോഹൻ സിങ്ങുമായും സംസാരിച്ചിരുന്നു. സംഘർഷാവസ്ഥയിൽനിന്നു മുന്നോട്ടുപോകണമെന്ന അഭിപ്രായമായിരുന്നു ഇരുവർക്കുമെന്നും മുഷറഫ് പറഞ്ഞു.

സിയാച്ചിൻ, കശ്മീർ വിഷയങ്ങളിൽ നാലിന നിർദേശങ്ങൾ താൻ മുന്നോട്ടുവച്ചിരുന്നുവെന്നും മുഷറഫ് ഓർമിച്ചു. ഇരു ഭാഗങ്ങൾക്കും സമാധാനം ലഭിക്കുന്ന തന്ത്രമായിരുന്നു തന്റേത്. എന്നാൽ ഇന്ന് അതല്ല അവസ്ഥ. ഇന്ത്യയിൽ തന്റെ പരമാധികാരം പ്രയോഗിക്കാൻ മോദി ശ്രമിക്കുകയാണെന്നും മുഷറഫ് ആരോപിച്ചു.