Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ നിരായുധീകരണത്തിനു പകരം പണം: അസംബന്ധമെന്ന് ഉത്തരകൊറിയ

Trump-Kim

സോള്‍ ∙ ആണവ നിരായുധീകരണത്തിനു പകരം യുഎസിൽനിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകള്‍ തള്ളി ഉത്തരകൊറിയ. ഇത്തരത്തിൽ യുഎസ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി മുഖപത്രമായ റോഡോങ് സിൻമൻ പ്രതികരിച്ചു.

യുഎസാണ് സമാധാന ചർച്ചകൾക്കായി ഉത്തരകൊറിയയെ ഇങ്ങോട്ടു ബന്ധപ്പെട്ടത്. സാമ്പത്തിക സഹകരണമുണ്ടെങ്കിൽ അതും അങ്ങനെ തന്നെ. അല്ലാതെ അങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മില്‍ സിംഗപ്പൂരിൽ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ട്രംപ് വേണ്ടെന്നു വച്ചതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ‘സഹായവിവാദം’ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ പിന്നീട് കൂടിക്കാഴ്ചയിൽനിന്നു പിന്നോട്ടു പോയിട്ടില്ലെന്നു ട്രംപ് തന്നെ അറിയിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ശനിയാഴ്ച കിം ചർച്ച നടത്തിയിരുന്നു. മാത്രമല്ല, കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പങ്ഗ്യേറി ആണവ പരീക്ഷണ കേന്ദ്രം സ്ഫോടനത്തിലൂടെ ഉത്തരകൊറിയ നശിപ്പിക്കുകയും ചെയ്തു. സിംഗപ്പൂരിൽ ഉച്ചകോടി ഒരുക്കങ്ങൾക്കായി എത്തിയ യുഎസ് സംഘത്തെ കാത്തിരുത്തി മുഷിപ്പിച്ചത് അടക്കം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളാണ് ഉച്ചകോടി റദ്ദാക്കാൻ കാരണമെന്നാണു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്.