Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ കോൺഗ്രസിന് പൂജ്യത്തിൽനിന്നു തുടങ്ങണം; നയിക്കാൻ ഇനി ഉമ്മൻചാണ്ടി

Oommen Chandy

കോട്ടയം ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഉമ്മൻ ചാണ്ടിയിതാ വീണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേരിട്ട തോൽവിയോടെ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നു ചെറിയൊരു ചുവടു പിന്നോട്ടുവച്ച മുൻ മുഖ്യമന്ത്രിയിതാ, അടുത്ത ചുവടിൽ ദേശീയ രാഷ്ട്രീയത്തിലേക്കു പദമൂന്നുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഈ പുതിയ ദശാസന്ധിയിൽ ഉമ്മൻ ചാണ്ടിയുടെ ചുമലിലുള്ള ഉത്തരവാദിത്തം അൽപം കടുത്തതാണ്- ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി!

ഒരു വർഷം അകലെ നിൽക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യക്തമായ രാഷ്ട്രീയനീക്കം തന്നെയാണിതെന്നാണ് കോൺഗ്രസിന്റെ ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞതയിൽ സാക്ഷാൽ കെ.കരുണാകരനുമായി താരതമ്യങ്ങൾ പതിവായ ഉമ്മൻചാണ്ടിക്ക്, ആന്ധ്രാപ്രദേശ് തന്നെ നൽകിയതും വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ഉറപ്പ്. കോൺഗ്രസിനെ സംബന്ധിച്ച് ആന്ധ്രയിലെ രാഷ്ട്രീയക്കാറ്റ് അത്ര അനുകൂലമല്ലെന്നതു തന്നെ കാരണം.

മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് ആന്ധ്രാപ്രദേശിലെയും ഏക പാർട്ടിയായിരുന്നു കോൺഗ്രസ്. ഇന്ന് ആന്ധ്രാ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കാര്യം കഷ്ടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെപ്പോലും ഇവിടെ ജയിപ്പിക്കാൻ കോൺഗ്രസിനായില്ല. അതേവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായില്ല. ഫലത്തിൽ, നിയമസഭയിലും ലോക്സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലാണ് ആന്ധ്രയിലെ കോൺഗ്രസ്. ഒരു തരത്തിൽ പറഞ്ഞാൽ, പൂജ്യത്തിൽനിന്നു വേണം ഉമ്മൻ ചാണ്ടി ഇവിടെ തുടങ്ങാൻ!

ഇതിനു പുറമെ, കടുത്ത കോൺഗ്രസ് വിരോധത്തിൽനിന്ന് പിറവിയെടുത്ത തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ് എന്നിവ സംസ്ഥാനത്ത് ആഴത്തിൽ വേരാഴ്ത്തിയിട്ടുമുണ്ട്. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണർത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എൻ.ടി. രാമറാവു 1982ൽ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയർത്തിയ ‘തെലുഗു ആത്മാഭിമാനം’ കോൺഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു. 

അടുത്ത കാലം വരെ ആന്ധ്രയിൽ കോൺഗ്രസിന് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായ ചില ഘടകങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ചും, ബിജെപിയുമായി സഖ്യത്തിലായിരുന്ന തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ട് സ്വതന്ത്രമായി നിൽക്കുന്നു. രാജ്യവ്യാപകമായി ബിജെപിയെ നേരിടാൻ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാൻ ശ്രമിക്കുന്ന കോൺഗ്രസിന് ടി‍ഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും ഒന്നു ശ്രമിച്ചാൽ ഒപ്പം നിർത്താവുന്നതേയുള്ളു. ഇതിന് ചുക്കാൻ പിടിക്കാൻ ദക്ഷിണേന്ത്യയിൽ ഉമ്മൻചാണ്ടിയോളം പോന്ന മറ്റൊരു നേതാവില്ലെന്നത് വ്യക്തം.

ഉമ്മൻചാണ്ടിയെപ്പോലെ ജനസമ്മതിയും അനുഭവജ്ഞാനവുമുള്ള ഒരു നേതാവിനു മാത്രമേ ആന്ധ്രയിലെ കാറ്റ് അനുകൂലമാക്കാൻ സാധിക്കൂ എന്ന് രാഹുലിനും സംഘത്തിനും വ്യക്തമായതിന്റെ സൂചന കൂടിയാണ് പുതിയ പദവി. രാഹുലിന്റെ വരവോടെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടി അപ്രസക്തനാകുമെന്നു പ്രവചിച്ചവർ കുറവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വി.എം. സുധീരന്റെ വരവ് ഈ പ്രവചനങ്ങളെ ശരിവയ്ക്കുകയും ചെയ്തു. തീർന്നു എന്നു കരുതിയിടത്തുനിന്ന് ഉമ്മൻ ചാണ്ടി തിരിച്ചുവരികയാണ്; പുതിയ നിയോഗങ്ങളോടെ!

2011 ൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തു മാത്രം സീറ്റുണ്ടായിരുന്നിട്ടും പല തരക്കാരും സ്വഭാവക്കാരുമായ സഖ്യകക്ഷികളെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി അഞ്ചു വർഷം ഭരണം പൂർത്തിയാക്കിയതിന്റെ അദ്ഭുതം ഇപ്പോഴും വിട്ടുമാറാത്തവരുണ്ട്. ഈ നയതന്ത്രജ്ഞതയും കൗശലവുമാണ് സമകാലീന ആന്ധ്രാ രാഷ്ട്രീയത്തിലും ആവശ്യമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനു തോന്നിയിരിക്കണം.

ആന്ധ്ര–തെലങ്കാന വിഭജനത്തോടെ ആന്ധ്രയിൽ കോൺഗ്രസ് മുച്ചൂടും തകർന്നതാണ്. തകർച്ചയിൽനിന്നു കോൺഗ്രസിനെ ഉയർത്തി, പഴയതുപോലെ വേരുറപ്പിക്കാനുള്ള വലിയ ദൗത്യമാണ് ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. പുതിയ നിയോഗത്തിൽ ഉമ്മൻ ചാണ്ടി എത്രകണ്ട് ശോഭിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് രാഷ്ട്രീയം. തീരെ മോശമാക്കില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉറപ്പു നൽകുന്നുമുണ്ട്.