Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശബ്ദ പ്രചാരണവും തീർന്നു; ചെങ്ങന്നൂരിൽ മുന്നണികൾക്കു പ്രതീക്ഷ ഈ ഭൂരിപക്ഷം

ഉല്ലാസ് ഇലങ്കത്ത്
Chengannur-Bypoll ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന കലാശക്കൊട്ടിൽ നിന്ന്. ചിത്രം: ആർ.എസ്.ഗോപൻ

ചെങ്ങന്നൂര്‍∙ നിശബ്ദ പ്രചാരണവും അവസാനിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ വര്‍ധിക്കുമെന്നും മണ്ഡലം നിലനിര്‍ത്താനാകുമെന്നും സിപിഎം പ്രതീക്ഷിക്കുമ്പോള്‍ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ച് ഇരുമുന്നണികളേയും ഞെട്ടിച്ച ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ചെങ്ങന്നൂരിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് ആയിരുന്നു മുന്നിൽ വന്നത്. ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പുലിയൂര്‍, വെണ്‍മണി, ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തുകള്‍. പാണ്ടനാട് ഗ്രാമപഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലും യുഡിഎഫ് മുന്നിലെത്തി. തിരുവൻവണ്ടൂരിൽ ബിജെപിയാണ് മുന്നിലെത്തിയത്.

ചെങ്ങന്നൂര്‍ നഗരസഭയിലും പാണ്ടനാടും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. മാന്നാര്‍, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, ചെന്നിത്തല, തൃപ്പെരുന്തുറ എന്നിവിടങ്ങളില്‍ യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. പുലിയൂര്‍, ബുധനൂര്‍, ചെറിയനാട്, വെണ്‍മണി എന്നിവിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആകെ 154 ബൂത്തുകളില്‍ 76 ബൂത്തുകളില്‍ എൽഡിഎഫ് മുന്നിലായിരുന്നു. ബിജെപി: 44, യുഡിഎഫ്: 34. 65 ബൂത്തുകളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്ത്.  എൽഡിഎഫ്: 48, ബിജെപി: 42.

∙ സിപിഎം പ്രതീക്ഷിക്കുന്നത് 10,000 വോട്ടിന്റെ ഭൂരിപക്ഷം

5039 പുതിയ വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നും, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍നായര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വിജയത്തില്‍ നിര്‍ണായക ഘടകമാകും. എല്ലാ ജാതീയ ഘടകങ്ങളും അനുകൂലമാകുമെന്നാണ് അവസാനവട്ട പ്രതീക്ഷ.

കര്‍ണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സഖ്യവും സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യവും ചെങ്ങന്നൂരിലെ വോട്ടിലും പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടാനാകുമെന്നാണു ചെങ്ങന്നൂര്‍ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയുടെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ 8000- 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടിനെക്കുറിച്ചാണ് ആശങ്ക. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചപ്പോഴും 4491 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫിന് 4992 വോട്ടുകള്‍ ലഭിച്ചു.

∙ കോണ്‍ഗ്രസ് പ്രതീക്ഷ 5000 വോട്ടിന്റെ ഭൂരിപക്ഷം

കഴിഞ്ഞ തവണ യുഡിഎഫ് വോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടാകുകയും അതു ബിജെപിക്ക് അനുകൂലമാകുകയും ചെയ്ത സാഹചര്യത്തെ ഇത്തവണ മറികടക്കാനാകുമെന്നു പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു.  കഴിഞ്ഞ തവണ കുറഞ്ഞ 20,000 വോട്ടുകളില്‍ പകുതി തിരിച്ചെത്തുമെന്നും വിജയം ഉറപ്പിക്കാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ബിജെപിയുടെ പ്രചാരണങ്ങളില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതു തിരിച്ചടിയാണെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു.

സഹായിക്കുന്നവര്‍ക്ക് വോട്ടു കൊടുക്കുമെന്ന എസ്എന്‍ഡിപിയുടെ നിലപാട് യുഡിഎഫിന് ഗുണം ചെയ്യും. ഒരു വിഭാഗം എസ്എന്‍ഡിപി യൂണിയനുകളുടെ പിന്തുണ ലഭിക്കും. ഇതോടൊപ്പം യുഡിഎഫിന് അനുകൂലമായി ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. മാന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നേതാക്കള്‍ പറയുന്നു. ബൂത്തിന്റെ ചുമതല ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കു നല്‍കിയത് ഗുണം ചെയ്യും. എന്‍എസ്എസ് പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിനു ലഭിക്കും. കാര്യങ്ങള്‍ അനുകൂലമായാല്‍ 3000-5000 വോട്ടിന്റെ ഭൂരിപക്ഷം. ഏഴു പഞ്ചായത്തുകളില്‍ മുന്നില്‍ വരും.

∙ വിജയം ഉറപ്പിച്ചെന്നു ബിജെപി

കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും അതു ഗുണകരമാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മോദി പ്രഭാവത്തിലാണ് ഇത്തവണയും പ്രതീക്ഷ.

എസ്എന്‍ഡിപി പിന്തുണ സംബന്ധിച്ച പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്നും ബിഡിജെഎസ് ബിജെപിയോട് അകന്നിട്ടില്ലെന്നും നേതൃത്വം പറയുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പ്രചാരണത്തിനു സമയം ലഭിച്ചത് അനുകൂല ഘടകമാകുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. ആറു പഞ്ചായത്തുകളില്‍ ലീഡ് ചെയ്യും.  സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 10,000-12,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.