Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിന് പകരം ആര്?; സംസ്ഥാന നേതാക്കൾ വേണ്ടെന്ന് ആർഎസ്എസിൽ വാദം

Kummanam Rajasekharan

തിരുവനന്തപുരം ∙ ഗവർണർ സ്ഥാനമേറ്റെടുത്ത് കുമ്മനം രാജശേഖരൻ മിസോറമിലേക്കു പോകുമ്പോൾ ഒഴിവുവരുന്ന ബിജെപി സംസ്ഥാന അധ്യക്ഷപദവിയെച്ചൊല്ലി ആർഎസ്എസിൽ അഭിപ്രായഭിന്നത. കുമ്മനത്തിനു പകരം സംസ്ഥാന നേതാക്കളിൽ ആരെയും നിയോഗിക്കേണ്ടെന്ന് ഒരു വിഭാഗം നിര്‍ദേശിക്കുമ്പോൾ, പരിചിതമായ മുഖം വേണമെന്നാണ് മറുപക്ഷത്തിന്റെ വാദം. സംസ്ഥാന നേതൃത്വം അപ്പാടെ ഉടച്ചുവാർക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

മെഡിക്കൽ കോഴ വിവാദം ബിജെപി സംസ്ഥാന നേതൃനിരയെ കളങ്കപ്പെടുത്തിയപ്പോൾ മുതിർന്ന നേതാക്കൾ മുന്നോട്ടു വച്ച തലമുറമാറ്റം എന്ന നിർദേശം നടപ്പാക്കണമെന്നാണ് ആർഎസ്എസിന്റെ പൊതു വികാരം. അന്നു കുമ്മനം രാജശേഖരനെ നിലനിർത്തിയുള്ള ഉടച്ചു വാർക്കലായിരുന്നു നേതാക്കളുടെ മനസ്സിൽ. കുമ്മനത്തെ കൊണ്ടു വന്നതുപോലെ, സംഘടനാതലത്തിൽ പ്രാവീണ്യമുള്ള ഒരാൾ വേണമെന്നാണ് ആർഎസ്എസിന്റെ താൽപര്യം. ദീർഘ കാലമായി മധ്യപ്രദേശിൽ സംഘടനാ സെക്രട്ടറിയായി പരിചയമുള്ള അരവിന്ദ് മേനോനും മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാറുമാണ് നേതാക്കളുടെ മനസ്സിൽ. അമിത് ഷായുടെ അടുപ്പക്കാരനായ നന്ദകുമാർ സമ്മതം മൂളിയാൽ മറ്റൊരു പേരു പരിഗണനയിൽ പോലും വരില്ലെന്നുറപ്പാണ്.

നിലവിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹ് എന്ന സംഘടനയുടെ സംയോജകനാണ് നന്ദകുമാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ വരാൻ അദ്ദേഹം തയാറാകുമോ എന്നാണ് പ്രധാന ചോദ്യം. മുതിർന്ന നേതാക്കളായ ഹരികൃഷ്ണൻ, ഗോപാലൻകുട്ടി മാസ്റ്റർ, കെ.കെ.ബൽറാം എന്നിവരുടെ അഭിപ്രായമാണ് അമിത് ഷാ ചോദിച്ചറിഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തു പരിചിതമായ മുഖം വേണമെന്ന വാദം ശക്തിപ്പെട്ടാൽ മാത്രമേ കെ. സുരേന്ദ്രന്റെയും എം.ടി.രമേഷിന്റെയും പേരുകൾക്കു പ്രധാന്യമുള്ളു. സുരേന്ദ്രനെ നേതൃ നിരയിൽ അവരോധിക്കാനായി വി. മുരളീധരൻ പക്ഷം ചാരടുവലി ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇവരിൽ ഒരാൾ അധ്യക്ഷനായാൽ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമാകുമെന്ന ആശങ്ക ആർഎസ്എസ് അമിത് ഷായെ അറിയിച്ചതായാണ് വിവരം.

related stories