Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയില്‍ യന്ത്ര ഊഞ്ഞാലിലെ ട്രോളി കാർ ഇളകിത്തെറിച്ച് പത്തുവയസ്സുകാരി മരിച്ചു

Representative Image പ്രതീകാത്മക ചിത്രം

അനന്തപുർ∙ ആന്ധ്രാപ്രദേശിലെ അനന്തപുരിൽ യന്ത്ര ഊഞ്ഞാൽ തകർന്നുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

അനന്തപുരിൽ ജൂനിയർ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന എക്സിബിഷനിടെയാണ് അപകടമുണ്ടായത്. എക്സിബിഷനില്‍ പങ്കെടുക്കാനെത്തിയ അമൃത എന്ന പെണ്‍കുട്ടിയാണു മരിച്ചത്. വേനലവധിയായതിനാൽ എക്സിബിഷന് നല്ല തിരക്കായിരുന്നു. ഇതിനിടെയായിരുന്നു അപകടം.

യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളിൽ ഒന്ന് തകർന്നു വീണാണ് അപകടമുണ്ടായത്. ട്രോളി കാറിന്റെ ബോൾട്ട് ഊരിപ്പോയതാണ് അപകടത്തിന് വഴിവച്ചത്. കറങ്ങിക്കൊണ്ടിരുന്ന യന്ത്ര ഊഞ്ഞാലിൽനിന്ന് ആളുകൾ ഉൾപ്പെടെ ട്രോളി കാർ ഇളകി താഴേക്കു പതിക്കുകയായിരുന്നു.

ട്രോളി കാറിന്റെ ബോൾട്ട് ഇളകിക്കിടക്കുന്നതായി ഓപ്പറേറ്ററോടു പറഞ്ഞിരുന്നെങ്കിലും മദ്യ ലഹരിയിലായിരുന്ന ഇയാൾ നടപടികൾ സ്വീകരിച്ചില്ലെന്നു ദൃക്സാക്ഷികൾ ആരോപിച്ചു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.