Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിന്റെ മരണത്തിൽ സംഘർഷഭൂമിയായി കോട്ടയം; എസ്പിയെ കൊടികൊണ്ട് തല്ലി

Kevin P Joseph murder protest കെവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധം. ചിത്രം: റെജു അർനോൾഡ്.

കോട്ടയം ∙ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ, കെവിന്റെ സ്വദേശമായ കോട്ടയത്ത് സംഘർഷവും നാടകീയ രംഗങ്ങളും. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഘര്‍ഷം. പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പി മുഹമ്മദ് റഫീഖിനുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്പിയെ അടിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎയും പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കോട്ടയം ഗാന്ധിനഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ ഉപവാസം തുടങ്ങി. പ്രതിഷേധത്തിനു നേതൃത്വം നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.

കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതിനിടെ, ഡിജിപി ലോക്നാഥ് ബെഹ്റ കോട്ടയത്തേക്കു തിരിച്ചു. 

ഇതോടെ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി വളരുകയാണ്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്.