Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ; എസ്ഐയ്ക്ക് സസ്പെൻഷൻ, എസ്പിക്ക് സ്ഥലംമാറ്റം

Kottayam Kevin Murder

കോട്ടയം∙ പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ നട്ടാശേരി എസ്എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ മരണത്തിൽ പൊലീസിനു സംഭവിച്ചതു ഗുരുതര വീഴ്ച. ഭർത്താവിനെ തന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി കെവിന്റെ ഭാര്യ നീനു ചാക്കോ പരാതി നൽകിയെങ്കിലും കോട്ടയം ഗാന്ധിനഗർ പൊലീസ് ഇത് അവഗണിച്ചെന്നാണ് ആരോപണം. പൊലിസ് വീഴ്ച സംബന്ധിച്ചു ഡിജിപി കൊച്ചി റേഞ്ച് ഐജിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിനിടെ, കോട്ടയം ഗാന്ധി നഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസം തുടങ്ങി.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബുവിനെ ഐജി വിജയ് സാഖറെ സസ്പെൻഡ് ചെയ്തു. നടപടി വൈകിച്ചതിനാണ് ശിക്ഷാനടപടി. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്പി പി.എ. മുഹമ്മദ് റഫീഖിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറാണ് പുതിയ കോട്ടയം എസ്പി. പ്രതികളില്‍നിന്ന് എസ്ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, മരിച്ച കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവിന്റെ വീടു സന്ദർശിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയശേഷമാണ് ചെന്നിത്തല കോട്ടയത്ത് എത്തിയത്. ഭർത്താവിന്റെ മരണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കെവിനെ, ഭാര്യ നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും മർദ്ദിച്ചശേഷം റോഡിൽ ഉപേക്ഷിച്ചു.

രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്ഐ ഫോണിൽ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു.

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ ഭാര്യയോടു പൊലീസ് പറഞ്ഞത് ഇങ്ങനെ: ‘ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം.’ പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. 11 മണിയോടെയാണു നീനു സ്റ്റേഷനിലെത്തിയത്. എന്നാൽ, പൊലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൈകിട്ട് കേസെടുത്തു. ആക്രമണത്തിനിരയായ അനീഷ് നൽകിയ മൊഴി അനുസരിച്ചായിരുന്നു കേസ്.