Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർ പദവി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ട്; സ്ഥാനമോഹമില്ലെന്നും കുമ്മനം

kummanam-rajasekharan കുമ്മനം രാജശേഖരൻ

ന്യൂഡൽഹി∙ മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

2015 ഡി‌സംബറിലാ‌ണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്‌ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ. 

ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനൽകുകയായിരുന്നു. സാധാരണ, ആർഎസ്എസ് പ്രചാരകർ ബിജെപിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാൽ, കേരളത്തിലെ അസാധാരണ സാഹചര്യത്തിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.