Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ കേന്ദ്രമന്ത്രിയായ കർണാടക കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു

siddu-nyamgowda വാഹനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് എംഎൽഎ സിദ്ദു നിയാംഗൗഡ. ചിത്രം: എഎൻഐ ട്വിറ്റർ

ബെംഗളുരു∙ മുൻ കേന്ദ്രമന്ത്രിയും കർണാടകയിലെ കോൺഗ്രസ് എംഎൽഎയുമായ സിദ്ദു നിയാംഗൗഡ (70) വാഹനാപകടത്തിൽ മരിച്ചു. ഗോവയിൽ നിന്ന് സ്വദേശമായ ബാഗൽകോട്ടിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ എംഎൽഎയുടെ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കർണാടകയിലെ തുളസിഗേരിക്കു സമീപമായിരുന്നു സംഭവം. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽനിന്ന് വിജയിച്ചാണ് ഇദ്ദേഹം എംഎൽഎയായത്.

അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.

car-accident അപകടത്തിൽ‌ തകർന്ന കാർ.ചിത്രം: എഎൻഐ ട്വിറ്റർ

ഡൽഹിയിലായിരുന്ന എംഎൽഎ അവിടെ നിന്ന് വിമാന മാർഗം ഗോവയിലെത്തിയ ശേഷം കാറിൽ സ്വദേശത്തേക്കു വരുമ്പോഴായിരുന്നു അപകടം. 1990–91 കാലഘട്ടത്തിൽ നരസിംഹ റാവു സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം. ഭാര്യയും അഞ്ചു മക്കളുമുണ്ട്. സിദ്ദു നിയാംഗൗഡയുടെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ പ്രമുഖ നേതാക്കൾ അനുശോചിച്ചു.