Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ആതിര, ഇന്ന് കെവിൻ; ‘ദുരഭിമാനം’ ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്ക്

Athira-Kevin മലപ്പുറം അരീക്കോട് കൊല്ലപ്പെട്ട ആതിര. തെൻമലയ്ക്കു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കെവിൻ.

തിരുവനന്തപുരം∙ വടക്കേ ഇന്ത്യയില്‍ മാത്രം കേട്ടിരുന്ന ‘ ദുരഭിമാന കൊലകള്‍ ’ കേരളത്തിലും വേരുറപ്പിക്കുന്നതിന്റെ സൂചനയായി മാറുകയാണ് കോട്ടയത്തെ കെവിന്‍ പി.ജോസഫിന്റെ മരണം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് വധുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. കൊല്ലം തെൻമലയ്ക്കു സമീപം കെവിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംശയമുന നീളുന്നതും തെന്മല സ്വദേശികളായ വധുവിന്റെ ബന്ധുക്കളിലേക്കു തന്നെ.

വധുവിന്റെ വീട്ടുകാരാണ് ഇവിടെ പ്രതിസ്ഥാനത്തെങ്കിൽ, അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ആതിരയെ കുത്തിക്കൊന്നത് സ്വന്തം അച്ഛനാണ്. അന്യ ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്നതില്‍ പിതാവിനുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ച്ച് 23 ന് ആതിര കൊല്ലപ്പെട്ടു, രണ്ടു മാസത്തിനുശേഷം മെയ് 27ന് കെവിനും. 

∙ ആതിരയെന്ന കണ്ണീര്‍

അമ്മ വല്ലിയുടെ ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. പിന്നീട് ഇവര്‍ പ്രണയത്തിലായി. ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ അച്ഛന്‍ രാജന്‍ എതിര്‍ത്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ പൊലീസിന്റെ ഇടപെടല്‍ വേണ്ടിവന്നു. 

ആരീക്കോട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ കല്യാണത്തിനു സമ്മതമാണെന്ന് അച്ഛന്‍ രാജന്‍ അറിയിച്ചു. ആതിരയുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹം തീരുമാനിച്ചു. സദ്യയ്ക്കുള്ള ഒരുക്കങ്ങളും നടത്തി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍നിന്നും വീട്ടിലെത്തിയതോടെ രാജന്റെ മനസ് മാറി. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ‘ നമ്മളെ ജീവിക്കാന്‍ അനുവദിക്കില്ല എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം ’ ആതിര ബ്രിജേഷിനെ ഫോണില്‍ വിളിച്ചു. പിറ്റേന്ന് കല്യാണം നടക്കുമെന്നും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ച ബ്രിജേഷും ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല

∙ രാജന്റേത് പ്രണയ വിവാഹം, മകളുടെ പ്രണയത്തോട് എതിര്‍പ്പ്

പത്തൊന്‍പതാം വയസില്‍ പ്രണയിച്ച് വിവാഹം കഴിച്ച രാജന് പ്രണയ വിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. ബ്രിജേഷിന്റെ ജാതിയായിരുന്നു തടസം. താഴ്ന്ന ജാതിക്കാരന് മകളെ കൊടുക്കില്ലെന്നു രാജന്‍ പലതവണ ആവര്‍ത്തിച്ചു. കല്യാണത്തിന്റെ തലേദിവസം ആതിരയുടെ വിവാഹ വസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് കത്തിച്ചു.  രാജന്‍ കത്തി തിരയുന്നത് കണ്ട ബന്ധുക്കള്‍ ആതിരയെ അടുത്ത വീട്ടിലെത്തിച്ചു. ഒഴിച്ചിരുന്ന ആതിരയെ രാജന്‍ കുത്തികൊല്ലുകയായിരുന്നു. 

ആതിര മരിച്ചതറിയാതെ താലിയും സാരിയുമായി വിവാഹത്തിന് പുറപ്പെട്ട ബ്രിജേഷ് വിവരമറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ കണ്ടത് ആതിരയുടെ മൃതദേഹമാണ്. രാജനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മകളെ കൊല്ലാനുപയോഗിച്ച കത്തിയും കുത്തിയ സ്ഥലവുമെല്ലാം രാജന്‍ കാട്ടികൊടുത്തു.

∙ പ്രണയം കെവിന്റെ ജീവനെടുത്തു

കെവിനും നീനുവും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊളുമായി വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നു നീനു പറഞ്ഞു. ഇതിനെത്തുടര്‍ന്നു നീനുവിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ ബന്ധുക്കള്‍ മടങ്ങിപോയി.  ശനിയാഴ്ച രാവിലെയും ബന്ധുക്കളെത്തി കെവിനെ ഭീഷണിപ്പെടുത്തി. അതോടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിന്‍ മാറ്റി. 

അമ്മാവന്റെ മകനോടൊപ്പം മാന്നാനത്തുള്ള വീട്ടിലാണ് കെവിന്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച പുലര്‍ച്ചേ മൂന്നു കാറുകളിലായി എത്തിയ സംഘം ഇരുവരെയും തട്ടികൊണ്ടുപോകുകയായിരുന്നു. കാറിലും മര്‍ദനം തുടര്‍ന്നു. ഭര്‍ത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതി പറയാന്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തിയ നീനുവിനോട് ‘ ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും അതുകഴിഞ്ഞു നോക്കാമെന്നുമായിരുന്നു ’ പൊലീസിന്റെ മറുപടി.

കെവിന്റെ പിതാവ് ജോസഫ് ജേക്കബ് പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും സ്വീകരിച്ചില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈകിട്ടാണ് കേസെടുത്തത്. തട്ടികൊണ്ടുപോയവരെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അനീഷിനെ പത്തനാപുരത്തുനിന്ന് തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു.  കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.