Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Rail-Accident-Train മയ്യനാട് സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിലേക്കു മരം വീണപ്പോൾ. ചിത്രം: അരുൺ കൊട്ടിയം

കൊല്ലം∙ റെയിൽവേ ട്രാക്കിലേക്കു മരം വീണ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റർ അകലെയാണു ട്രാക്കിലേക്കു പ്ലാവ് കടപുഴകി വീണത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മരം റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലൂടെയാണു വീണത്. ഇതിനെത്തുടർന്ന് വലിയ തോതിൽ തീയും പുകയും ഉയർന്നു.

ഒൻപതരയോടെ ഇതിനു സമീപത്തെ ട്രാക്കിലേക്കു മറ്റൊരു മരവും വീണു. കൊല്ലം പാതയിലാണു പ്ലാവ് വീണത്. ഇതു മുറിച്ചു മാറ്റി. രണ്ടു ട്രാക്കിലായിരുന്നു മരം വീണു കിടന്നത്. മരം മുറിച്ചു മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകി. റെയിൽവേ ടെക്നീഷ്യന്മാർ എത്തി അറ്റകുറ്റപ്പണികൾ നടത്തിയതിനു ശേഷം മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുള്ളൂ.

Train Kollam Accident മയ്യനാട് റെയിൽവേ ട്രാക്കിലേക്കു മരം വീണപ്പോൾ. ചിത്രം: മനോരമ

അർധരാത്രിയോടെ ഒരു ലൈൻ വഴി ട്രെയിൻ ഓടി തുടങ്ങി. കൊല്ലം ഭാഗത്തു നിന്നും ഡീസൽ എൻജിൻ പരവൂർ എത്തിച്ച് കണ്ണൂർ എക്സ്പ്രസ് കൊല്ലത്തേക്കു യാത്ര തിരിച്ചു. കൊല്ലത്തു നിന്ന് ഈ ട്രെയിൻ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റി ഓട്ടം തുടരും. മലബാർ എക്സ്പ്രസിനെ വഹിച്ചു വന്ന ഇലക്ട്രിക് എൻജിൻ ഇലക്ട്രിക് തകരാറിലായതിനാലാണ് ഇങ്ങനെ ചെയ്യുക. കൊല്ലം ഭാഗത്തു നിന്നും ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ഇതിനു പിറകിൽ ജനശതാബ്ദിയും ഏറെ വൈകി യാത്ര തിരിച്ചു.

രാത്രി ഒൻപതരയോടെ മയ്യനാട് കല്ലുംമൂട്ടിൽ ഭാഗത്തും പ്ലാവ് ഒടിഞ്ഞ് റെയിൽ വേ ട്രാക്കിൽ വീണു. ഇലക്ട്രിക് ലൈനിനു കുഴപ്പമില്ല. നേരത്തേ പ്ലാവ് വീണതിന് അര കിലോമീറ്റർ കിഴക്കു ഭാഗത്താണു പ്ലാവ് വീണത്.

related stories