Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോക്ബ ഹ്യുമേനിറ്റേറിയൻ പുരസ്കാരം കൈലാഷ് സത്യാർഥിക്ക്

Satyarthi-Award കൈലാഷ് സത്യാർഥിക്കു ‘സന്തോക്ബ ഹ്യുമേനിറ്റേറിയൻ പുരസ്കാരം’ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിക്കുന്നു.

സൂററ്റ്∙ നൊബേൽ ജേതാവും ബാലാവകാശ സംരക്ഷകനുമായ കൈലാഷ് സത്യാർഥിക്കു ‘സന്തോക്ബ ഹ്യുമേനിറ്റേറിയൻ പുരസ്കാരം’ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. ഒരു കോടി രൂപയാണു പുരസ്കാരം. ഇന്ത്യയിലെ കുട്ടികൾക്കു പുരസ്കാരം സമർപ്പിച്ച സത്യാർഥി, തന്റെ കീഴിലുള്ള സുരക്ഷിത് ബച്പൻ ഫണ്ടി‌ലേക്കു മുഴുവന്‍ തുകയും ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചു. ലൈംഗികാക്രമണത്തിന് ഇരയാകുന്ന കുട്ടികൾക്ക് മെഡിക്കൽ– നിയമ സഹായം നൽകുന്നതിനു വേണ്ടിയാണ് ഫണ്ടിലെ തുക ഉപയോഗപ്പെടുത്തുക. 

‘സർക്കാരും സമൂഹവും മത സംഘടനകളും വിവിധ സ്ഥാപനങ്ങളും ഒരുമിച്ചു പോരാടാതെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കാനാകില്ല. അല്ലെങ്കിൽ അതൊരു മാറാരോഗം പോലെ പടരും. ബാലാവകാശ സംരക്ഷണ സന്ദേശവുമായി ദേശീയ തലത്തിൽ നടത്തിയ ‘ഭാരത് യാത്ര’ വിജയകരമായിരുന്നു. അതിന്റെ ഫലം രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്–’ മറുപടി പ്രസംഗത്തില്‍ സത്യാർഥി പറഞ്ഞു. ചടങ്ങിൽ മുൻ ഐഎസ്ആർഒ ചെയർമാൻ എ.എസ്.കിരൺകുമാറിനും പുരസ്കാരം സമ്മാനിച്ചു. 

സാമൂഹിക സേവനത്തിനുള്ള അംഗീകാരമായി ശ്രീ രാമകൃഷ്ണ നോളജ് ഫൗണ്ടേഷനാണ് എല്ലാ വർഷവും പുരസ്കാരം സമ്മാനിക്കുന്നത്. വ്യവസായ പ്രമുഖനായ ഗോവിന്ദ് ധൊലാക്കിയയാണു ഫൗണ്ടേഷനു രൂപം നൽകിയത്. മാതാവിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നേരത്തേ രത്തൻ ടാറ്റ, ദലൈ ലാമ, സുധാ മൂർത്തി, ഡോ.എസ്.സ്വാമിനാഥന്‍, സാം പിത്രോദ, വർഗീസ് കുര്യൻ തുടങ്ങിയവർക്കു ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ ഗുജറാത്ത് ഗവർണർ ഒ.പി.കോഹ്‌ലി, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ പങ്കെടുത്തു.