Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനവകുപ്പിൽ തട്ടി കർണാടകയിലെ വകുപ്പു നിർണയം

സി.കെ. ശിവാനന്ദൻ
kumaraswamy

മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു കർണാടകയിൽ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും മാത്രമാണിപ്പോൾ മന്ത്രിസഭാംഗങ്ങൾ. 23 ന് അധികാരമേറ്റ മന്ത്രിസഭ 25 നു വിശ്വാസവോട്ടും  നേടി. എന്നാൽ വകുപ്പുകൾ പങ്കിടുന്നതിലുള്ള തർക്കമാണു മന്ത്രിസഭാ വികസനം വൈകുന്നതിനു കാരണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശത്തുനിന്നു തിരിച്ചെത്തിയാലുടൻ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. അതുവരെ വകുപ്പുകൾ പങ്കിടുന്നതു സംബന്ധിച്ച ചർച്ച അണിയറയിൽ തുടരുമെന്നു സാരം. അതുവരെ രണ്ടംഗ മന്ത്രിസഭ തുടരുകയും ചെയ്യും. 

തർക്കം ധനകാര്യത്തിൽ

ധനകാര്യ വകുപ്പിനെച്ചൊല്ലിയാണു തർക്കം. കർണാടകയിൽ ആഭ്യന്തരത്തെക്കാൾ പിടിവലി ഈ വകുപ്പിനായാണ്. കർഷകർക്കുള്ള ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന ബജറ്റ് പ്രഖ്യാപിക്കുന്നതിലൂടെ കർഷകരുടെ പിന്തുണ ആർജിക്കാനുള്ള കുറുക്കുവഴിയാണു ധനവകുപ്പു കയ്യാളലും ബജറ്റ് അവതരിപ്പിക്കലും. ഏതൊരു ബജറ്റ് പ്രസംഗം എടുത്തുനോക്കിയാലും കർഷകരെ സോപ്പിടുന്ന പ്രഖ്യാപനങ്ങൾ കാണാം.

മുഖ്യമന്ത്രിതന്നെ ധനവകുപ്പു കയ്യാളുന്നൊരു കീഴ്‌വഴക്കമുണ്ടു കർണാടകയിൽ. എന്നാൽ സഖ്യ മന്ത്രിസഭകൾ നിലവിലിരുന്ന  കാലത്തെല്ലാം ഇത് ഉപമുഖ്യമന്ത്രിക്കു വിട്ടുകൊടുത്ത ചരിത്രവുമുണ്ട്. ഉദാഹരണത്തിനു 2004ൽ കോൺഗ്രസ്–ദൾ സഖ്യമന്ത്രിസഭയുണ്ടായപ്പോൾ മുഖ്യമന്ത്രി എൻ. ധരംസിങ് ആയിരുന്നെങ്കിലും അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന ജനതാദൾ നേതാവ് സിദ്ധരാമയ്യ ആണ് ധനവകുപ്പു കയ്യാളിയത്. പിന്നീട് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി ജനതാദൾ–ബിജെപി മന്ത്രിസഭയുണ്ടായപ്പോൾ ധനവകുപ്പു കയ്യാളിയത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെഡിയൂരപ്പയായിരുന്നു. കർഷകർക്കായി വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച യെഡിയൂരപ്പ കാർഷിക മേഖലയ്ക്കു മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചും ശ്രദ്ധേയനായി. 

കാർഷിക വായ്പകൾ എഴുതിത്തള്ളൽ 

കാർഷിക വായ്പകൾ എഴുതിത്തള്ളൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജനതാദളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇത്തവണ ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ അതു പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യം നടത്തിയ ഏകാംഗ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം പക്ഷേ, അൽപായുസ്സിൽ അവസാനിച്ചു. കുമാരസ്വാമിയും കോൺഗ്രസും ചേർന്നു മന്ത്രിസഭയുണ്ടാക്കിയതോടെ, യെഡിയൂരപ്പ കളം മാറ്റി. പുതിയ മന്ത്രിസഭ കാർഷിക വായ്പകൾ എഴുതിത്തള്ളിയില്ലെങ്കിൽ ബന്ദ് നടത്തുമെന്നു പ്രഖ്യാപിച്ച് അദ്ദേഹം ഒരു മുഴം മുൻപേ എറിഞ്ഞു. ഇതു ചെറിയ തോതിലെങ്കിലും കുമാരസ്വാമിക്കു സമ്മർദമുണ്ടാക്കുകയും ചെയ്തു. 

കാർഷിക വായ്പകൾ എഴുതിത്തള്ളാൻ തന്റെ മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെയും കുമാരസ്വാമി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. പക്ഷേ, മന്ത്രിസഭാ വികസനവും വകുപ്പു നിർണയവും പൂർത്തിയാക്കാതെ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യം മാത്രം ബാക്കി. 

ധനം വിട്ടുതരില്ലെന്ന് കോൺഗ്രസ്

ധനവകുപ്പു വിട്ടുതരാനാകില്ലെന്ന നിലപാടിലാണു കോൺഗ്രസ്. സഖ്യ സർക്കാരുകൾ  അധികാരത്തിലിരുന്നപ്പോൾ  ധനവകുപ്പു കയ്യാളിയത് മുഖ്യമന്ത്രിയുടെ പാർട്ടിയല്ലെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടുകയാണവർ. എന്നാൽ ഇതിനോടു യോജിക്കാൻ കുമാരസ്വാമിയും ജനതാദളും തയാറാകുന്നില്ല. വകുപ്പു തങ്ങൾക്കു വേണമെന്ന് അവർ ശഠിക്കുന്നു. ആഭ്യന്തരം കോൺഗ്രസിനു വിട്ടുകൊടുക്കാമെന്നുവരെ അവർ സമ്മതിച്ചതായാണു വാർത്തകൾ. 

റവന്യൂ, വ്യവസായം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ വിട്ടുകൊടുക്കാമെന്നു കോൺഗ്രസ് പറയുന്നു. ദൾ അധികാരത്തിലെത്തിയ സമീപകാലചരിത്രത്തിലെല്ലാം പൊതുമരാമത്ത് കൈകാര്യം ചെയ്തിരുന്നതു കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയായിരുന്നു. എന്നാൽ, റവന്യു അത്രകണ്ട് ആകർഷകമായ വകുപ്പല്ല ഇന്നത്തെ കാലത്തെന്ന നിലപാടിലാണു ദൾ. 

ധനത്തിനു പുറമെ, ജലവിഭവം, ബെംഗളൂരു നഗരവികസനം, ഊർജം, ഗ്രാമവികസനം, സാമൂഹികക്ഷേമം, ടൂറിസം എന്നിവയും കർണാടകയിലെ സ്വപ്നവകുപ്പുകളിലൊന്നായ ഖനനവും തങ്ങൾക്കു വേണമെന്നു കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വെറും 37 സീറ്റുകൾ മാത്രമുണ്ടായിട്ടും കുമാരസ്വാമി മുഖ്യമന്ത്രിയാണെന്നിരിക്കെ ജനതാദൾ കൂടുതൽ വാശി പിടിക്കരുതെന്ന നിലപാടും കർണാടകയിലെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നു. കോൺഗ്രസ് അധികാരത്തിൽവന്ന സമീപകാല മന്ത്രിസഭകളിലെല്ലാം ഊർജം കയ്യാളിയിരുന്ന പ്രമുഖ നേതാവ് ഡി.കെ. ശിവകുമാർ ആ വകുപ്പു തനിക്കുതന്നെ കിട്ടണമെന്ന നിലപാടു സ്വീകരിക്കുന്നുണ്ട്. കൂടുതൽ പണം കയ്യാളപ്പെടുന്ന വകുപ്പുകളിലാണ് ഇരു കക്ഷികൾക്കും കമ്പമെന്നു സാരം. 

തർക്കമൊന്നുമില്ലെന്ന് കുമാരസ്വാമി

വകുപ്പു നിർണയം സംബന്ധിച്ചു തർക്കമുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി കുമാരസ്വാമി നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതല്ലേ സാധിക്കൂ എന്നതാണു വാസ്തവം. തർക്കമുണ്ടെന്നു പറയുക വയ്യല്ലോ. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ ഗുലാം നബി ആസാദുമായും കെ.സി. വേണുഗോപാലുമായുമാണു  കുമാരസ്വാമിയുടെ ചർച്ചകൾ. മന്ത്രിമാർ ആരെല്ലാമാകണമെന്നതു സംബന്ധിച്ച ചർച്ചകൾ വരെ പൂർത്തിയായതായി മുഖ്യമന്ത്രി പറയുന്നു. ഇരു കക്ഷികളിൽനിന്നും മന്ത്രിമാരാകുന്നവരുടെ പട്ടികവരെ തയാറാണെന്നും അദ്ദേഹം പറയുന്നുണ്ട്. 

എന്തായാലും രാഹുൽ ഗാന്ധി വിദേശത്തുനിന്നു തിരിച്ചെത്തുന്നതോടെ  വകുപ്പു നിർണയം പുതിയ ഘട്ടത്തിലെത്തും. വാശിപിടിക്കുന്ന കർണാടകയിലെ കോൺഗ്രസ് നേതാക്കളോടു തൽക്കാലത്തേക്ക് അടങ്ങാനാകും കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിക്കുകയെന്നാണു പിന്നാമ്പുറ സംസാരം. എങ്ങനെയും ഭരണം നിലനിർത്തുകയെന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡ് താൽപര്യപ്പെടുന്ന കാര്യം. അതിനു ചെറിയ വിട്ടുവീഴ്ചകളാകാമെന്നും രാഹുൽ തീരുമാനിച്ചേക്കാം. ഏതായാലും കോൺഗ്രസ് അധ്യക്ഷന്റെ മടങ്ങിവരവുവരെ കാത്തിരുന്നേ മതിയാകൂ. 

related stories