Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി പറഞ്ഞാൽ മാറിനിൽക്കും: ‘രാജ്യസഭാ വിവാദ’ത്തിൽ പി.ജെ. കുര്യൻ

pj-kurien പി.ജെ. കുര്യൻ (ഫയൽ ചിത്രം)

കൊച്ചി∙ പാർട്ടി പറഞ്ഞാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. യുവാക്കളുടെ അവസരത്തിനു താൻ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു തന്റെ അഭിപ്രായം പാർട്ടിയോടു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യോജിപ്പാണെങ്കിലും വിയോയിപ്പാണെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളെ സ്വീകരിക്കുന്നു. ചെങ്ങന്നൂരിലേത് വലിയ തോൽവിയാണ്. ചില പ്രത്യേക കാരണങ്ങളാൽ യുഡിഎഫിനു വോട്ടു ചെയ്യുന്ന വിഭാഗം എൽഡിഎഫിനു വോട്ടു ചെയ്തു. കാരണം പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനിരയുടെ കലാപം സജീവമായ പശ്ചാത്തലത്തിലാണു പ്രതികരണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും കെ. സുധാകരനും രംഗത്തെത്തി.

രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മരണം വരെ പാര്‍ലമെന്‍റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്നു നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോൺഗ്രസിന്റെ ശാപമാണെന്നു റോജി എം. ജോണ്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്‍റെ ആവശ്യം.  

related stories