Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ‘ശാപം’; ബിജെപി തോൽക്കുമെന്നും അയോധ്യ മുഖ്യപുരോഹിതൻ

acharya-satyendra-das ആചാര്യ സത്യേന്ദ്ര ദാസ്

അയോധ്യ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കു മുന്നിൽ വെല്ലുവിളി ഉയർത്തി അയോധ്യ പ്രശ്നം വീണ്ടും. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ അടുത്ത വർഷം വീണ്ടും അധികാരത്തിൽ വരാമെന്ന സ്വപ്നം ബിജെപി ഉപേക്ഷിക്കേണ്ടി വരുമെന്നു ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. അയോധ്യ വിഷയം പൂർണമായി മറന്നുകളയാനാണു നീക്കമെങ്കില്‍ അതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വാർത്താ ഏജൻസിയായ ‘എഎൻഐ’യോട് ആചാര്യ പറഞ്ഞു.

‘2014ൽ ബിജെപി അധികാരത്തിലെത്തിയതു ശ്രീരാമ ഭഗവാന്റെ അനുഗ്രഹം കാരണമാണ്. എന്നാൽ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം അവർ അക്കാര്യം മറന്നു. തിരഞ്ഞെടുപ്പിൽ ഇനി ജയിക്കണമെങ്കിൽ രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കണം. ഇല്ലെങ്കിൽ ശ്രീരാമന്റെ ഉഗ്രകോപം 2019ലെ തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റുവാങ്ങേണ്ടി വരും’– ആചാര്യ പറഞ്ഞു. അടുത്തിടെ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളിൽ തോറ്റതു ബിജെപിക്കുള്ള പാഠമാണെന്നും കയ്റാന, ഗോരഖ്പുർ, ഫുൽപുർ എന്നിവിടങ്ങളിലെ തോൽവി ചൂണ്ടിക്കാട്ടി ആചാര്യ പറഞ്ഞു.

‘രാമക്ഷേത്രം നിർമിച്ചാൽ മാത്രമേ ബിജെപിക്ക് ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പാർട്ടിക്ക് എല്ലാം കൈവിട്ടു പോകുന്ന ദിവസങ്ങളാണു വരാനിരിക്കുന്നത്...’– ആചാര്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞ ചില കാര്യങ്ങളാണ് തിരഞ്ഞെടുപ്പിലേക്കു വീണ്ടും രാമക്ഷേത്രത്തെ എത്തിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണെന്നും ഹിന്ദുത്വ വാദത്തിനോ ക്ഷേത്രവിഷയങ്ങൾക്കോ ഇക്കാര്യത്തില്‍ ഒരു പങ്കുമുണ്ടാകില്ലെന്നുമായിരുന്നു നഖ്‌വിയുടെ പ്രസ്താവന. 

നാലു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഇതു മാത്രം മതി വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്താൻ. യാതൊരു വിവേചനവുമില്ലാതെയാണു കേന്ദ്രം ജനങ്ങൾക്കു സഹായം നൽകുന്നത്. രാജ്യത്ത് എല്ലാ ന്യൂനപക്ഷ വിഭാഗക്കാരും സുരക്ഷിതരാണെന്നും നഖ്‌വി പറഞ്ഞു.

related stories