Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്മന: നല്ല മലയാളത്തിനായി ചൂരലെടുത്ത്, കണ്ണുരുട്ടിയ പ്രിയ മാഷ്

panmana-ramachandran പന്മന രാമചന്ദ്രൻ നായർ.

വർഷം 1955. രാമചന്ദ്രൻ എന്നൊരു വിദ്യാർഥി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മലയാളം വകുപ്പ് മേധാവി പ്രഫ. കോന്നിയൂർ മീനാക്ഷിയമ്മയെ കാണാൻ ചെന്നു. എംഎ മലയാളത്തിനു പ്രവേശനം വേണം. കേരളത്തിൽ ആകെയുള്ള മലയാളം ബിരുദാനന്തരബിരുദ കോഴ്സ് ആണ്. ആകെ 15 സീറ്റുകൾ. രാമചന്ദ്രന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച പ്രഫ. മീനാക്ഷിയമ്മ അന്തംവിട്ടു – പത്താംക്ലാസ് വരെ ഒന്നാം ഭാഷ സംസ്കൃതം, ഇന്റർമീഡിയറ്റിനു ഹിന്ദി. ഡിഗ്രിയാകട്ടെ ഫിസിക്സിൽ. പോരാത്തതിന് ഉപഭാഷ സംസ്കൃതവും. ടീച്ചർ പറഞ്ഞു– ‘നടക്കില്ല കുട്ടീ’.

പക്ഷേ, ആ കുട്ടി പിന്മാറിയില്ല. രാവിലെ കോളജിലും വൈകിട്ടു വീട്ടിലും ടീച്ചറെത്തേടിച്ചെന്നു. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ടീച്ചർ പറഞ്ഞു – ഒരു പരീക്ഷ നടത്തും. യോഗ്യത തെളിയിച്ചാൽ സീറ്റ് തരാം. ‘സാഹിത്യവും മാനസിക ഉന്നമനവും’ എന്ന വിഷയത്തിൽ ഉപന്യാസം തയാറാക്കലായിരുന്നു പരീക്ഷ. ഉപന്യാസം വായിച്ച ടീച്ചർ ഉടൻ തന്നെ എംഎ മലയാളത്തിന് അധിക സീറ്റുണ്ടാക്കി പ്രവേശനം നൽകി. ടീച്ചറുടെ തീരുമാനം തെറ്റിയില്ല. രാമചന്ദ്രൻ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ഒന്നാം റാങ്കോടെ എംഎ മലയാളം ജയിച്ചു. പിന്നീട് കേരളം കണ്ട മികച്ച മലയാളം അധ്യാപകരിലൊരാളും ശുദ്ധമലയാളത്തിന്റെ കാവലാളുമായ പ്രഫ. പന്മന രാമചന്ദ്രൻ നായരായി.

1931 ഓഗസ്റ്റ് 13ന് ആയിരുന്നു ജനനം. കർക്കടകത്തിലെ ആയില്യം നക്ഷത്രം. അന്നു കറുത്ത വാവായിരുന്നു. കർക്കടകവാവിനു കുഞ്ഞുജനിക്കുന്നത് അത്ര നല്ലതല്ലെന്നൊരു വിശ്വാസം നാട്ടിലുണ്ടായിരുന്നു. ആ വിശ്വാസം ശരിയായിരുന്നില്ലെന്നു കാലം തെളിയിച്ചു. ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനായ പിറന്നാൾ ദിനവും കർക്കടകവാവു തന്നെയായിരുന്നു! 

തെറ്റുകളുടെ കാർമേഘങ്ങൾ നീക്കി മലയാളത്തെ തെളിഞ്ഞ ഭാഷയാക്കാനായിരുന്നു പന്മനയുടെ ജീവിതനിയോഗം. വഴുതക്കാട് ഗാന്ധിനഗറിലെ കൈരളി എന്ന വീടുനിറയെ പുസ്തകങ്ങളാണ്. കൊല്ലം ജില്ലയിലെ പന്മനയിൽ കുഞ്ചുനായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണു ജനനം. ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു കുഞ്ചുനായർ. മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കൊല്ലം ഫാത്തിമ മാതാ കോളജിലാണു പന്മനയുടെ അധ്യാപകജീവിതം തുടങ്ങിയത്. പിന്നീട് സർക്കാർ സർവീസിൽ കയറി. പാലക്കാട് ഗവ. വിക്ടോറിയ കോളജായിരുന്നു ആദ്യ തട്ടകം.

പ്രഫ. എസ്.ഗുപ്തൻ നായർ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്. അക്കാലത്ത് ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ച് ഒട്ടേറെ അനുരാഗ കവിതകളുമെഴുതി. ഇതെല്ലാം ചേർത്തു പുസ്തകമാക്കാൻ ഗുപ്തൻ നായർ ആവശ്യപ്പെട്ടെങ്കിലും ശിഷ്യരുടെ പ്രതികരണമോർത്തു സാഹസത്തിനു മുതിർന്നില്ല. കഥയും കവിതയുമൊക്കെ എഴുതാൻ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ല.

തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി – സംശയപരിഹാരങ്ങൾ, നല്ലഭാഷ തുടങ്ങിയ പുസ്തകങ്ങൾ ഒട്ടേറെ തലമുറകൾക്കു നല്ല മലയാളത്തിലേക്കുള്ള വഴികാട്ടിയായി. ഭാഷാവിദ്യാർഥികളും മാധ്യമപ്രവർത്തകരുമൊക്കെ നല്ലഭാഷയ്ക്കുവേണ്ടി ആശ്രയിക്കുന്ന ആധികാരികപുസ്തകങ്ങളാണ് അന്നും ഇന്നും ഇവയൊക്കെയും. 

ഭാഷാപുസ്തകങ്ങൾ മാത്രമല്ല, മലയാളത്തിനു പന്മനയുടെ സംഭാവനകൾ. പരിചയം, നവയുഗശിൽപി രാജരാജവർമ തുടങ്ങിയ നിരൂപണ പുസ്തകങ്ങളും നളചരിതം ആട്ടക്കഥ, മലയവിലാസം കാവ്യം എന്നീ വ്യാഖ്യാനങ്ങളും മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, അപ്പൂപ്പനും കുട്ടികളും, ദീപശിഖാകാളിദാസൻ തുടങ്ങിയ ബാലസാഹിത്യകൃതികളും ആശ്ചര്യചൂഡാമണി, സ്വപ്നവാസവദത്തം, നാരായണീയം എന്നീ വിവർത്തനങ്ങളും സ്മൃതിരേഖകൾ എന്ന ആത്മകഥയും അദ്ദേഹമെഴുതി.

മലയാള പരിഭാഷയ്ക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും അധ്യാപകപ്രസ്ഥാനങ്ങളിലും സജീവപ്രവർത്തകൻ കൂടിയായിരുന്നു. അധ്യാപകരുടെ വികലഭാഷാപ്രയോഗങ്ങൾക്കു നേരെയായിരുന്നു പന്മനയുടെ കർക്കശനോട്ടവും ചൂരൽവടിയും കൂടുതലും.  പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റിന്റെ ചെയർമാനായിരുന്നു. ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1987ൽ സർവീസിൽനിന്നു വിരമിച്ചു. കേരള സാഹിത്യ അക്കാദമി, കേരളകലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു.

ഭാഷയിലെ മാറ്റങ്ങളെയും തെറ്റുകളെയും വളർച്ചയുടെ ഭാഗമായിക്കാണണമെന്ന വാദങ്ങളെ പന്മന അന്നും ഇന്നും എതിർക്കുന്നു. ശുദ്ധമായ ഭാഷയ്ക്കു മാത്രമേ വളർച്ചയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ തലമുറ ‘അവള് വേൺട്ര, ഇവള് വേൺട്ര’ എന്നൊക്കെയല്ലേ പറയുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ– ‘അതിലെന്താണു തെറ്റ്? എന്താണ് എന്ന വാക്കിന് തിരുവനന്തപുരത്ത് എന്തര് എന്നും കൊല്ലത്തുകാർ എന്തുവാ എന്നും തൃശൂരുകാർ എന്തൂട്ടാ എന്നും ചോദിക്കും. അതുപോലെ വേണ്ടെടാ എന്ന വാക്കിന്റെ ശൈലീഭേദമാണു വേൺട്രാ. അതു നല്ല മലയാളം തന്നെ. പുതിയ തലമുറ ഇപ്പോഴും മലയാളം പറയുന്നുണ്ടല്ലോ, അതുതന്നെ വലിയ സന്തോഷം’.