Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപാർട്മെന്റിൽ കുത്തിനിറച്ച് ലഗേജുകൾ; പിടികൂടിയാൽ ഇനി ആറിരട്ടി പിഴ

India-Train-Luggage-Fine Representative Image

ന്യൂഡൽഹി∙ യാത്രയുടെ ഭാഗമായി എത്ര വേണമെങ്കിലും ലഗേജുമായി ട്രെയിനിൽ കയറാമെന്ന രീതിക്ക് അവസാനമാകുന്നു. വിമാനയാത്രയ്ക്കു സമാനമായി ട്രെയിൻ യാത്രയിലും ലഗേജിനു നിയന്ത്രണം ഏർപ്പെടുത്താനാണു റെയിൽവേയുടെ നീക്കം. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്. ട്രെയിനിൽ ലഗേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു ദശാബ്ദക്കാലത്തിലേറെയായി തുടരുന്ന നിയമം കർശനമാക്കാനാണ് റെയിൽവേ നിയന്ത്രണം കൊണ്ടു വകുന്നത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവർക്ക് നിലവിലെ ഫീസിന്റെ ആറിരട്ടിയായിരിക്കും പിഴ. 

നിലവിലെ വ്യവസ്ഥ പ്രകാരം സ്‌ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടു പോകാം. പാഴ്സൽ ഓഫിസിൽ അധികപണം അടച്ചാൽ സ്‌ലീപ്പർ ക്ലാസിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 70 കിലോഗ്രാമും ലഗേജ് കൊണ്ടുപോകാൻ സാധിക്കും. അധികം വരുന്ന ലഗേജ് ട്രെയിനില്‍ ഇതിനായി അനുവദിച്ചിട്ടുള്ള പ്രത്യേക കംപാർട്മെന്റിലായിരിക്കും(ലഗേജ് വാൻ) സൂക്ഷിക്കുക.

‘ഈ നിയമം ഇപ്പോഴും നിലവിലുണ്ട്. അതു ശക്തമാക്കുന്നുവെന്നു മാത്രം. ലഗേജ് വാനിലേക്ക് ബുക്ക് ചെയ്ത് അനുവദിച്ച ഭാരം വരെയുള്ള ലഗേജ് കൊണ്ടുപോകാം. തത്തുല്യമായ തുക അടയ്ക്കണമെന്നു മാത്രം’ റെയിൽവേ ബോർഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു. വിമാനയാത്രയ്ക്കു മുന്നോടിയായി ലഗേജ് പരിശോധിക്കുമെങ്കിലും ട്രെയിൻ യാത്രയിൽ ഇത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഇടയ്ക്കിടെ ലഗേജ് പരിശോധനയും ഇനിയുണ്ടാകും. 

അനുവദിച്ചതിലും അധികം ഭാരവുമായാണു യാത്രയെന്നു തെളിഞ്ഞാൽ ആറിരട്ടിയാണു പിഴത്തുക. ഉദാഹരണത്തിന് 80 കിലോഗ്രാം ഭാരമുള്ള ലഗേജുമായി ഒരാൾ സ്‌ലീപ്പർ ക്ലാസിൽ സഞ്ചരിക്കുന്നു. 500 കിലോമീറ്ററാണ് അദ്ദേഹത്തിന്റെ യാത്രാദൂരം. യഥാര്‍ഥത്തിൽ അദ്ദേഹത്തിന് 40 കിലോഗ്രാം മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ശേഷിക്കുന്ന 40 കിലോഗ്രാം ലഗേജ് വാനിൽ സൂക്ഷിക്കാം– നൽകേണ്ടി വരിക 109 രൂപ മാത്രം. എന്നാൽ ഇക്കാര്യം അവഗണിച്ച് 80 കിലോയുമായി യാത്ര തിരിച്ചാൽ പിഴ നൽകേണ്ടി വരിക 654 രൂപയായിരിക്കും.

എസി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. പക്ഷേ അധിക തുക നൽകിയാൽ ലഗേജ് വാനിൽ 80 ഉൾപ്പെടെ ആകെ 150  കിലോഗ്രാം വരെ കൊണ്ടുപോകാം.

എസി ടു–ടയർ യാത്രക്കാരന് സൗജന്യമായി 50 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. പണം അടച്ചാൽ 50 കിലോ ലഗേജ് വാനിലും കൊണ്ടുപോകാം– ആകെ 100 കിലോഗ്രാം.

കംപാർട്മെന്റിൽ കൊണ്ടുപോകാവുന്ന പെട്ടികൾക്കുള്ള വലുപ്പവും (100സെ.മീX 60 സെ.മീ.X 25 സെ.മീ–നീളം, വിസ്തൃതി, ഉയരം) റെയിൽവേ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലാണെന്നു കണ്ടെത്തിയാൽ പെട്ടികൾ പിടിച്ചെടുത്ത് ലഗേജ് വാനിലേക്കു മാറ്റും. ജൂൺ ഒന്നു മുതൽ ആറു വരെ ലഗേജുമായി ബന്ധപ്പെട്ട ബോധവത്കരണം ശക്തമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു.

related stories