Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗി പോരാ; 6000 കോടിയുടെ ഫുഡ് പാർക്ക് യുപിയിലേക്കില്ല: പതഞ്ജലി

baba-ramdev-yogi-adityanath ബാബാ രാംദേവ്, യോഗി ആദിത്യനാഥ്.

ലക്നൗ∙ വരുന്ന പൊതുതിരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടു ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബിജെപിയെ ഞെട്ടിച്ചു യോഗാഗുരു ബാബാ രാംദേവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെല്ലെപ്പോക്കിൽ സഹികെട്ട് മെഗാ ഫുഡ്പാർക്ക് പദ്ധതി ഉത്തർപ്രദേശിൽനിന്നു മാറ്റുകയാണെന്നു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ബിജെപി ഭരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണം.

‘യുപിയിൽ യമുന എക്സ്പ്രസ്‍ പാതയോടു ചേർന്നു പതഞ്ജലി നിർമിക്കാനുദ്ദേശിക്കുന്ന വലിയ പദ്ധതിയാണു മെഗാ ഫുഡ് പാർക്ക്. പക്ഷേ ഇതുവരെയും സംസ്ഥാന സർക്കാരിൽനിന്നും കാര്യമായ സഹകരണമില്ല. നടപടികൾ ശരിയാകാൻ ഏറെക്കാലം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പദ്ധതി മറ്റൊരിടത്തേക്കു മാറ്റാനാണു തീരുമാനം’– പതഞ്ജലി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. ഇതിനിടെ, 6000 കോടി രൂപയുടെ ഫുഡ് പാർക്ക് പദ്ധതി ഉപേക്ഷിക്കരുതെന്ന് സർക്കാർ രാംദേവിനോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ അദ്ദേഹം ഇടപെട്ടതായും റിപ്പോർട്ടുണ്ട്.

സർക്കാരിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഒട്ടേറെ കൂടിക്കാഴ്ചകൾ നടത്തി. ഉദാസീനമായാണു സർക്കാർ പെരുമാറിയത്. ഇവിടെ സ്ഥാപിക്കാനുള്ള ഭക്ഷ്യസംസ്കരണ യന്ത്രങ്ങൾക്കുവരെ കമ്പനി ഓർഡർ നൽകിയതാണ്. യുപിയിലെ ലക്ഷക്കണക്കിനു കർഷകർക്ക് ഉപകാരപ്പെടുമായിരുന്നു. നിരവധി തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമായിരുന്നെന്നും ബാൽകൃഷ്ണ വാർത്താ ഏജൻസിയോടു വിശദീകരിച്ചു.

അതേസമയം, ഡൽഹിയോടു ചേർന്നു ഫുഡ് ആൻഡ് ഹെർബൽ പാർക്ക് സ്ഥാപിക്കാൻ പതഞ്ജലിക്കു ജനുവരിയിൽ തത്വത്തിൽ അനുമതി നൽകിയിരുന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഭൂമി രേഖകൾ, ബാങ്ക് വായ്പ തുടങ്ങിയവ ഉൾപ്പെടെ അഞ്ചു വ്യവസ്ഥകൾ കമ്പനി ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഒരു മാസം കൂടി പതഞ്ജലിക്ക് അനുവദിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ഈ മാസാവസാനം അനുമതി റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.