Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണം; ഹർജി നൽകി മന്ത്രി സുനിൽകുമാറും

K.M. Mani

തിരുവനന്തപുരം ∙ ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിനെതിരായ ഹർജികൾ ജൂലൈ നാലിനു വിജിലൻസ് കോടതി പരിഗണിക്കും. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടു മന്ത്രി വി.എസ്.സുനിൽ കുമാറും ഹർജി നൽകി. നേരത്തേ വി.എസ്.അച്യുതാനന്ദൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി.മുരളീധരൻ, നോബിൾ മാത്യു എന്നിവരടക്കം ആറു പേർ തടസ്സ ഹർജി നൽകിയിരുന്നു. എന്നാൽ കോടതി നോട്ടിസ് അയച്ചിട്ടും ഇടതു മുന്നണി കൺവീനറായിരുന്ന വൈക്കം വിശ്വൻ, സാറാ ജോസഫ് എന്നിവർ ഹർജി നൽകിയില്ല. ഹർജികളുടെ വിശദ വാദമാണു നാലിനു കോടതി കേൾക്കുന്നത്. 

ബാർ കോഴ കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.പി.സതീശനാണോ എന്നു കോടതി ചോദിച്ചപ്പോൾ അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നു സർക്കാർ മാറ്റിയ കാര്യം വിജിലൻസ് ലീഗൽ അഡ്വൈസർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായി കോടതിയെ അറിയിക്കേണ്ട ബാധ്യത വിജിലൻസ് നിയമോപദേശകന് ഉണ്ടെന്നു കോടതി ഓർമിപ്പിച്ചു. ഏപ്രിൽ 12നു കേസ് പരിഗണിച്ചപ്പോൾ സർക്കാരിനു വേണ്ടി ആരു ഹാജരാകുമെന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്നാണു സതീശനെ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു സർക്കാർ മാറ്റിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിജിലൻസ് എസ്പി ആയിരുന്ന ആർ.സുകേശൻ രണ്ടു തവണ മാണിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതു തള്ളമെന്നാവശ്യപ്പെട്ടു ഹർജിക്കാർ തടസ്സ ഹർജി നൽകിയതോടെ അന്തിമ റിപ്പോർട്ട് കോടതി നിരസിച്ചു. തുടരന്വേഷണത്തിനും ഉത്തരവിട്ടു. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവു നൽകി. 2017 ഓഗസ്റ്റിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാർ അന്വേഷണം തുടങ്ങി. എന്നാൽ ബാറുടമകളിൽ നിന്നു മാണി ഒരു കോടി രൂപ കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും കണ്ടെത്തൽ. 

അതിന്റെ അടിസ്ഥാനത്തിൽ മാണിയെ കുറ്റവിമുക്തനാക്കി മൂന്നാമതും കോടതിയിൽ റിപ്പോർട്ട് നൽകി. അതാണ് ഹർജിക്കാർ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്. പൂട്ടിയ 48 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ ആരോപണം.