Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളവുമില്ല ജോലിയുമില്ല; കുവൈത്തിൽ കുടുങ്ങി എൺപതു നഴ്സുമാർ

Nurse

കുവൈത്ത്∙ ശമ്പളവും ജോലിയുമില്ലാതെ എൺപതോളം നഴ്സുമാർ രണ്ടു വർഷമായി കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റിൽ തുക വകയിരുത്താത്തതിനാൽ ഇവർക്ക് ജോലി നൽകാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കേരളത്തിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് വിവാദമായ സമയത്ത്, റിക്രൂട്ട്മെന്റ് നേടി കുവൈത്തിലെത്തിയ നഴ്സുമാരാണ് രണ്ടുവർഷമായി ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിൽ കഴിയുന്നത്. 2015ൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിലെത്തി കൊച്ചിയിലും ഡൽഹിയിലുമായി നടത്തിയ അഭിമുഖം വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്.

എന്നാൽ കുവൈത്തിലെത്തി രണ്ടു വർഷം കഴിഞ്ഞെങ്കിലും ഇവർക്ക് അപ്പോയ്ന്റ്മെന്റ് ഓർഡറോ, ഇഖാമയോ ലഭിച്ചില്ല. ഇവരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഫയലുകൾ കാണാതായെന്നാണ് അധികൃതർ ആദ്യം നൽകിയ വിശദീകരണം. പിന്നീട് ഇവരിൽ 18 പേർക്ക് ഇഖാമ നൽകിയെങ്കിലും നിയമനം നൽകിയില്ല. ഈ നഴ്സുമാർക്ക് ശമ്പളം നൽകാൻ സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നാണ് ഇതിനു നൽകുന്ന ന്യായീകരണം.

നിലവിൽ ഫർവാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലിലാണ് ഇവർ താമസിക്കുന്നത്. താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും ഇഖാമയില്ലാത്തതിനാൽ പുറത്തിറങ്ങാൻ ഇവർക്ക് സാധിക്കില്ല. അനധികൃത താമസക്കാരെന്ന് ആരോപിച്ച് ഏതു നിമിഷവും പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. ജോലിയും ശമ്പളവുമില്ലാത്തതിനാൽ നാട്ടിൽനിന്നു പണം വരുത്തിയും സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയുമാണ് ഇവർ അവശ്യചെലവുകൾ നടത്തുന്നത്.

കരാർ ജീവനക്കാരായി നിയമിക്കാനും ശ്രമം

അതിനിടെ, 600 കുവൈത്ത് ദിനാർ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഇവരെ 350 ദിനാർ ശമ്പളത്തിൽ കരാർ ജീവനക്കാരായി നിയമിച്ച് പ്രശ്നം ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. റിക്രൂട്ട്മെന്റ് പ്രശ്നം പരിഹരിച്ച് ജോലി നൽകണമെന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടുവർഷമായി വിവിധ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഈ നഴ്സുമാർ. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ പരാതി നൽകിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾക്കും പരാതികൾ നൽകി. കുവൈത്തിലെ എംബസി തലത്തിൽ നടത്തിയ ചർച്ചകളിലാണ് ഇപ്പോൾ നഴ്സുമാരുടെ പ്രതീക്ഷ.

നഴ്സുമാരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. എംബസി നൽകിയ പട്ടികയിലുള്ള 80 നഴ്സുമാർക്ക് ജോലി നൽകാമെന്നു കുവൈത്ത് ആരോഗ്യമന്ത്രി വാക്കാൽ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇതെന്ന് നടപ്പിലാകുമെന്നു മാത്രം വ്യക്തമല്ല. നഴ്സുമാരെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏജൻസികളും ഇവരെ കൈവിട്ടു. കുവൈത്തിലെത്തിയ നഴ്സുമാരുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നാണ് ഇപ്പോൾ ഏജൻസികൾ പറയുന്നത്. പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ അഭ്യർഥന.