Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവർ: പി.ജെ. കുര്യൻ

PJ-Kurien പി.ജെ.കുര്യൻ

ന്യൂഡൽഹി∙ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിയിൽനിന്നുതന്നെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. തന്നെ വിമർശിച്ചവർ ത്യാഗം സഹിക്കാതെ എംഎൽഎമാരായവരാണ്. പരിചയസമ്പത്തും കഴിവുമുള്ളവരാണു രാജ്യസഭയിൽ വരേണ്ടത്. ന്യൂനപക്ഷങ്ങളെ അകറ്റിയത് ചെങ്ങന്നൂരില്‍ പാർട്ടിക്കു തിരിച്ചടിയായി. ഗ്രൂപ്പു നോക്കിയല്ല പദവി വീതം വയ്ക്കേണ്ടത്. ബൂത്തുതലം മുതൽ അഴിച്ചുപണി വേണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.

പി.ജെ. കുര്യൻ രാജ്യസഭാ സ്ഥാനാർഥിത്വം വേണ്ടെന്നു വയ്ക്കണമെന്ന‌ു പാർട്ടിയിലെ യുവനേതാക്കളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുവഎംഎൽഎമാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയവർ ആവശ്യപ്പെട്ടത്. യുവ എംഎൽഎമാരുടെ ഈ ആവശ്യത്തെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു.

ഇതേത്തുടർന്നു പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽനിന്നു മാറി നിൽക്കാമെന്ന് പി.ജെ. കുര്യൻ നേരത്തെ പറഞ്ഞിരുന്നു. യുവാക്കളുടെ അവസരത്തിന് തടസ്സമാകില്ലെന്നും അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.