Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിന്റെ വിധിയും ‌മുഖവും കേന്ദ്രസർക്കാർ മാറ്റും: രാജ്നാഥ് സിങ്

rajnath-singh ശ്രീനഗറിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.ചിത്രം: എഎൻഐ ട്വിറ്റർ

ശ്രീനഗർ∙ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെയും വെടിനിർത്തൽ കരാ‍ർ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തി. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും റമസാൻ മാസത്തിലെ വെടിനിർത്തൽ നീട്ടൽ, വിഘടനവാദി സംഘടന ഹുറിയത്തുമായുള്ള ചർച്ച തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുമാണു സന്ദർശനം. കേന്ദ്രസർക്കാരിന് ഏറെ പ്രിയപ്പെട്ടതാണ് ജമ്മു കശ്മീരെന്നു രാജ്നാഥ് സിങ് പറഞ്ഞു.

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സംഘടിപ്പിച്ച യുവ സമ്മേളനത്തിൽ മന്ത്രി സംസാരിച്ചു. കേന്ദ്രസർക്കാർ‌ കശ്മീരിന്റെ മുഖവും വിധിയും മാറ്റും. ഇക്കാര്യം ഞാൻ ഉറപ്പു തരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം ജമ്മു കശ്മീരിന്റെ വളർച്ചയ്ക്കും വേണ്ടതെല്ലാം ചെയ്യും– രാജ്നാഥ് സിങ് വ്യക്തമാക്കി.

ഭീകരൻ ബുർഹാൻ‌ വാനിയുടെ മരണത്തിനു ശേഷം സംസ്ഥാനത്ത് സൈന്യത്തിനെതിരെ കല്ലെറിയൽ പ്രതിഷേധങ്ങളും ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണവും കൂടി വരികയാണ്. കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രത്യേക അഭ്യര്‍ഥനയെ തുടർന്നാണ് റമസാൻ മാസത്തില്‍ സൈനിക നീക്കങ്ങൾ വേണ്ടെന്നു കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനു ശേഷം സൈനിക ക്യാംപുകള്‍ക്കു നേരെ രണ്ടു തവണ ഭീകരർ ലക്ഷ്യം വച്ചു. ഒരു സൈനികനും ഒരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.