Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ ചാണ്ടിയെ ആന്ധ്രയിലേക്ക് അയച്ച് കോൺഗ്രസ്; സഖ്യത്തിലും നല്ലത് മരണമെന്ന് ടി‍ഡിപി

E-Krishnamurty-Andhra-Pradesh ഇ.കൃഷ്ണമൂർത്തി (ഫയൽ ചിത്രം)

അമരാവതി∙ ആന്ധ്രയിൽ സഖ്യനീക്കത്തിനു ശ്രമിക്കുന്ന കോൺഗ്രസിനു കനത്ത തിരിച്ചടി നൽകുന്ന നിലപാടുമായി തെലുങ്കു ദേശം പാർട്ടി(ടിഡിപി). കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ തൂങ്ങിച്ചാകുമെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രിയും ടിഡിപി മുതിർന്ന നേതാവുമായ കെ.ഇ.കൃഷ്ണമൂർത്തി പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നിയമിച്ച‌തിനു പിന്നാലെയാണു ടിഡിപിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ സമീപനമുണ്ടായത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂട്ടുകെട്ടുകൾക്ക് ഒരുങ്ങുന്ന കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടിയെ ആന്ധ്രയിലേക്കു നിയോഗിച്ചത്. 

‘കോൺഗ്രസുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ തൂങ്ങിമരിക്കാൻ വരെ ഞാൻ തയാറാണ്...’ വാർത്താസമ്മേളനത്തിൽ കൃഷ്ണമൂർത്തി പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നു പറഞ്ഞ അദ്ദേഹം പാർട്ടിക്കും ഇതേ നിലപാടാണെന്നും വ്യക്തമാക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാത്രമേ സഖ്യസാധ്യകളെപ്പറ്റി ചർച്ചകളുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണ് ടിഡിപി. എന്നാൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ആന്ധ്രയിലെ സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു തുടക്കമിട്ടത്.

2019ൽ അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയതായും ചില ടിഡിപി നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യത്തിനു കുഴപ്പമില്ലെന്നാണു വിലയിരുത്തൽ. കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്നു തന്നോടു നിർദേശിച്ചവരുടെ കൂട്ടത്തിൽ ചന്ദ്രബാബു നായിഡുവുമുണ്ടായിരുന്നെന്നും കുമാരസ്വാമി നേരത്തേ വ്യക്തമാക്കിയിരുന്നു.

കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്.