Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹുസ്വരത ഇന്ത്യയുടെ ആത്മാവ്, അക്രമം ഒഴിവാക്കണം: നാഗ്പുരിൽ പ്രണബ്

Pranab Mukherjee ആർഎസ്എസ് ആസ്ഥാനത്ത് പ്രസംഗിക്കുന്നപ്രണബ് മുഖർജി. ചിത്രം: ട്വിറ്റർ

നാഗ്പുർ ∙ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വൈവിധ്യപൂർണമായ ദേശീയതയെക്കുറിച്ച് ആർഎസ്എസ് വേദിയിൽ വാചാലനായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഇവിടെ വന്നതു ദേശം, ദേശീയത, ദേശസ്നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്നു പറഞ്ഞു തുടങ്ങിയ പ്രണബ്, ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കുമാണു വിരൽചൂണ്ടിയത്. കണ്ണടയ്ക്കുമ്പോൾ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര മുതൽ ദ്വാരക വരെ. കശ്മീർ മുതൽ കന്യാകുമാരി വരെ. എണ്ണമില്ലാത്ത സമുദായങ്ങൾ, ഭാഷകൾ, വംശങ്ങൾ, ജാതികൾ... എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴിൽ. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യം, രോഗം, അധഃസ്ഥിതാവസ്ഥ എന്നിവയ്ക്കെതിരെ ആയിരിക്കണം യുദ്ധം. ഇവ പരിഹരിക്കപ്പെടുമ്പോൾ ദേശീയത താനെ ഉണ്ടായിക്കൊള്ളുമെന്നും പ്രണബ് പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായമുള്ളവരാകാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തിന്റെ ഐക്യമാണു സംഘിന് ആവശ്യം. എതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആർഎസ്എസ്. ഐക്യത്തിലും വൈവിധ്യത്തിലും സംഘ് വിശ്വസിക്കുന്നു. മാതൃരാജ്യത്തോടുള്ള ആരാധന നമ്മുടെ അവകാശമാണ്. പ്രശസ്തരായ വ്യക്തികളെ ത്രിതീയ വർഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു പാരമ്പര്യമാണ്. ഇപ്പോൾ അന്തരീക്ഷത്തിൽ നടക്കുന്ന ചർച്ചകളുമായി ഇതിനു ബന്ധമില്ല. പ്രണബിന്റെ വ്യക്തിത്വത്തെപ്പറ്റി രാജ്യത്തെ എല്ലാവർക്കും അറിവുള്ളതാണെന്നും ഭാഗവത് പറഞ്ഞു. കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനോടു വിമർശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് അവരുടെ ചടങ്ങിൽ പങ്കെടുക്കുന്നത്. ഇതിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെ വിമർശിച്ചിരുന്നു.

LIVE UPDATES
SHOW MORE
related stories