Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയുടെ അക്കൗണ്ടിൽനിന്ന് കാശെടുക്കാൻ ‘അനുവദിക്കാതെ’ എടിഎം

ATM Debit Card പ്രതീകാത്മക ചിത്രം.

ബെംഗളൂരു∙ എടിഎം കാർഡോ പിൻ നമ്പറോ കൈമാറ്റം ചെയ്യരുതെന്ന മുന്നറിയിപ്പു ബാങ്കിൽനിന്ന് എല്ലാവർക്കും കൃത്യമായി ലഭിക്കാറുണ്ട്. എന്നാൽ ഇതുപാലിക്കുന്ന എത്രപേരുണ്ടാകും? പലപ്പോഴും ബന്ധുവിന്റെയോ സുഹൃത്തിന്റെയോ കയ്യിൽ എടിഎം കാർഡ് നൽകി പണം പിൻവലിപ്പിക്കുകയാണു കൂടുതൽ പേരും ചെയ്യാറുള്ളതും. എന്നാൽ ഇത്തരത്തിൽ പിൻവലിക്കുന്ന പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിത്തം ഏൽക്കില്ലെന്ന് അറിയാമോ?

അഞ്ചു വർഷംമുൻപ് കർണാടക മറാത്തഹള്ളി സ്വദേശിയായ യുവതിക്കു സംഭവിച്ച അബദ്ധമാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. സംഭവം ഇങ്ങനെ: 2013 നവംബർ 14ന് മറാത്തഹള്ളി സ്വദേശി വന്ദന തന്റെ ഡെബിറ്റ് കാർഡും പിൻ നമ്പറും ഭർത്താവിനു നൽകി. പ്രസവിച്ചു ദിവസങ്ങൾ മാത്രം കഴിഞ്ഞതിനാലായിരുന്നു ഇത്. വന്ദനയുടെ ഭർത്താവ് രാജേഷ് കുമാർ എസ്ബിഐ എടിഎമ്മിൽനിന്ന് 25,000 രൂപ പിൻവലിച്ചു. എന്നാൽ മെഷീനിൽനിന്നു കാശ് പിൻവലിച്ചതായുള്ള സ്ലിപ്പ് മാത്രമാണു ലഭിച്ചത്. പണം കിട്ടിയില്ല. രാജേഷ് ഉടനെ വിവരം ബാങ്കിലറിയിച്ചു. 24 മണിക്കൂറിനുള്ളിൽ പണം തിരികെ കയറുമെന്നായിരുന്നു വിശദീകരണം.

പണം തിരികെ കയറാതിരുന്നതിനെ തുടർന്നു വന്ദനയും രാജേഷും ആദ്യം ബാങ്ക് ഓംബുഡ്സ്മാനെ സമീപിച്ചു. എന്നാൽ ദിവസങ്ങൾക്കു മുൻപു കേസ് അവസാനിപ്പിച്ചുവെന്നായിരുന്നു മറുപടി. ഇടപാടു കൃത്യമായിരുന്നുവെന്നും പണം ലഭിച്ചുവെന്നും അവർ മറുപടി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ദമ്പതികൾ രാജേഷ് കുമാറിനു പണം ലഭിച്ചില്ലെന്നു തെളിയിച്ചു. കാർഡുടമയായ വന്ദനയെ വിഡിയോയിലൊരിടത്തും കാണാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണ കമ്മിഷൻ കേസ് അവസാനിപ്പിച്ചു. 2013 നവംബർ 16ലെ കാഷ് വെരിഫിക്കേഷൻ റിപ്പോർട്ടടക്കമുള്ളവ സമർപ്പിച്ചിട്ടും ഓംബുഡ്സ്മാൻ പരിഗണിച്ചില്ല. പിൻ നമ്പർ മറ്റൊരാൾക്കു നൽകിയെന്നും കേസ് അവസാനിപ്പിച്ചെന്നുമാണ് ഓംബുഡ്സ്മാൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.

ഓംബുഡ്സ്മാൻ റിപ്പോർട്ടും അനുകൂലമാകാതിരുന്നതോടെ വന്ദനയും രാജേഷും കൺസ്യൂമർ കോടതിയെ സമീപിച്ചു. എസ്ബിഐ തന്റെ കയ്യിൽനിന്നു പോയ പണം തിരികെ നൽകിയില്ലെന്നു കാട്ടി 2014 ഒക്ടോബർ 21ന് പരാതി നൽകി. താൻ പ്രസവാവധിയിരുന്നതിനാൽ ഭർത്താവിന്റെ കയ്യിൽ കാർഡു നൽകി വിടുകയായിരുന്നുവെന്നു വന്ദന കോടതിയെ അറിയിച്ചു. മൂന്നുവർഷത്തോളം കേസു നടത്തിയിട്ടും പണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. എടിഎം പിൻ മറ്റൊരാളുമായി പങ്കുവയ്ക്കുന്നതു കുറ്റമാണെന്ന നിലപാടിൽ ബാങ്ക് ഉറച്ചുനിന്നു. തുടർന്ന് കഴിഞ്ഞമാസം 29ന്, പണം പിൻവലിക്കുന്നതിനായി വന്ദന സ്വന്തം ചെക്കോ അനുമതി പത്രമോ നല്‍കേണ്ടിയിരുന്നുവെന്നു കോടതിയും ഉത്തരവിട്ടു.