Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് ഹിന്ദു വിരോധി, കൊല്ലണം: കുറ്റസമ്മത മൊഴി പുറത്ത്

Gauri-Lankesh- ഗൗരി ലങ്കേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഇന്ത്യാ ഗേറ്റിനു മുന്നിൽ നടത്തിയ സമരത്തിൽനിന്ന്.

ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ ആളുടെ മൊഴി പുറത്തുവന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാടു പുലർത്തുന്നയാളാണെന്ന് അവർക്കു വേണ്ടിയാണ് താൻ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാൾ പറഞ്ഞതായി അറസ്റ്റിലായ കെ.ടി. നവീൻകുമാർ മൊഴി നൽകി. ആയുധ വ്യാപാരിയായ ഇയാളാണ് ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള തിരകൾ നൽകിയത്. മാത്രമല്ല, ഇതേ സംഘത്തിനു യുക്തിവാദിയായ കെ.എസ്. ഭഗവാനെ കൊല്ലാനും പദ്ധതിയുണ്ടായിരുന്ന കാര്യവും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒൻപതു മാസങ്ങൾക്കുശേഷം ഫയൽ ചെയ്ത കുറ്റപത്രത്തിൽ 12 പേജുള്ള മൊഴിയാണ് നവീൻ കുമാർ നൽകിയിരിക്കുന്നത്. തെളിവുകളായി 131 പോയിന്റുകളും കൊലപാതകികൾ തയാറാക്കിയ റൂട്ട് മാപ്പും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ വശത്തുകൂടെ വീട്ടിലെത്താമെന്നും മറ്റുമുള്ള പലതരത്തിലുള്ള റൂട്ട് മാപ്പുകളാണ് പൊലീസിന് അന്വേഷണത്തിൽ ലഭിച്ചത്.

തീവ്ര ഹിന്ദുത്വ ആശയങ്ങൾ പാലിക്കുന്ന സംഘടനയിലെ അംഗമാണ് നവീൻകുമാറെന്നും 2014ൽ ഹിന്ദു യുവസേന എന്ന സംഘടന ഇയാൾ ആരംഭിച്ചുവെന്നും പൊലീസ് പറയുന്നു. തീവ്രനിലപാടുകളിൽ ആകൃഷ്ടനായി കോളജ് പഠനം പൂർത്തിയാക്കാതെ മംഗളൂരുവിലെത്തി ശ്രീറാം സേന സ്ഥാപകൻ പ്രമോദ് മുത്തലിക്കിനൊപ്പം ചേർന്നു പ്രവർത്തിച്ചു. ‘ഹിന്ദു ജനഗ്രുതി സമിതി’ എന്ന സമ്മേളനത്തിൽ പങ്കെടുക്കവെ പ്രവീൺ എന്നയാളെത്തി തോക്കിന്റെ തിരകൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് വീട്ടിലുള്ള തിരകളിൽനിന്ന് രണ്ടെണ്ണം പരിശീലനത്തിനായി പ്രവീൺ കൊണ്ടുപോയി. അതു ഉപയോഗശൂന്യമാണെന്നും മികച്ച തിരകൾ വേണമെന്നും ആവശ്യപ്പെട്ടു. അന്നേരമാണ് ഈ തിരകൾ ഉപയോഗിക്കുന്നത് ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്നും അവർ ഹിന്ദു വിരുദ്ധ നിലപാടു പുലർത്തുന്നയാളാണെന്നും പ്രവീൺ പറയുന്നത്.

കൊലപാതകത്തിന്റെ ആസൂത്രണം ബെംഗളൂരുവിലും ബെൽഗാമിലും വച്ചാണ് നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, പുതിയ തിരകൾ വാങ്ങാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും പിന്നീട് പ്രവീണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും നവീൻ മൊഴി നൽകിയിട്ടുണ്ട്.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സെപ്റ്റംബർ അഞ്ചിനു താൻ മംഗളൂരുവിലാണെന്നാണ് നവീന്റെ വാദം. പത്രങ്ങളിൽനിന്നാണു കൊലപാതക വിവരം അറിയുന്നത്.