Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് മാതൃകയില്‍ മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതി; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

Narendra Modi

മുംബൈ∙ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരം. രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായാണു വെളിപ്പെടുത്തൽ. വ്യാഴാഴ്ചയാണു ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കത്തും തങ്ങളുടെ കയ്യിൽ ഉണ്ടെന്നു പൊലീസ് കോടതിയിൽ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളുടെ വീട്ടിൽനിന്നാണു പൊലീസ് നിർണായക സൂചന കണ്ടെടുത്തത്.

ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, മലയാളിയായ റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോണ വിൽസണിന്‍റെ വീട്ടിൽനിന്നായിരുന്നു പൊലീസിനു കത്തു ലഭിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയിൽ മറ്റൊരു വധം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ചു കത്തിൽ വ്യക്തമായ സൂചനകളുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമമെന്നു കത്തിൽ സൂചനയുളളതായി കത്ത് ഉദ്ധരിച്ചു സർക്കാർ പ്ലീഡർ ഉജ്ജ്വല പവാർ കോടതിയെ ധരിപ്പിച്ചു.

എല്‍ഗര്‍ പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റും സാമ്പത്തികമായ സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പുണെയിലെ ശനിവര്‍വാഡയില്‍ ദലിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയാണ് എല്‍ഗര്‍ പരിഷത്ത്. കൊറിഗാവ് ഭീമ പരിപാടിയിൽ പങ്കാളികളായവരെ അഭിനന്ദിക്കുന്ന വരികളും കത്തിലുണ്ട്. കൊറിഗാവ് ഭീമ പദ്ധതിക്കായി സുധീറിനെയും ഭാവി പരിപാടികൾക്കായി ഷോമയെയും സരേന്ദ്രയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.

അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ വീട്ടിൽനിന്നു പൊലീസ് സമാനമായ കത്ത് കണ്ടെടുത്തിരുന്നു. ഗഡ്ചിറോളിയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനു ഗാഡ്‌ലിങ്ങുമായി പരോക്ഷ ബന്ധമുണ്ടെന്നു തെളിയിക്കുന്നതാണു നാഗ്പുരിലെ ഗാഡ്‌ലിങ്ങിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത കത്തെന്നും പൊലീസ് സമർഥിക്കുന്നു.

മറാത്ത ഭരണത്തിന് അവസാനം കുറിച്ച ചരിത്ര യുദ്ധമായിരുന്നു ഭീമ കൊറിഗാവ് യുദ്ധം. ദലിതരായ മഹർ പോരാളികൾ ഉൾപ്പെട്ട ബ്രിട്ടിഷ് സേന പെഷ്വ സേനയെ ആക്രമിച്ചു മറാത്ത ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. ഭീമ കൊറിഗാവ് യുദ്ധത്തിന്റെ സ്മരണ പുതുക്കാൻ ചേർന്ന യോഗത്തിൽ കബീർ കാലാ മഞ്ച് പ്രവർത്തകർ പ്രകോപനപരമായി സംസാരിച്ചതിനെ തുടർന്നാണു ഭീമ കൊറിഗാവിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ കുറ്റാരോപിതരെ കേസില്‍ കുടുക്കിയതാണെന്നും കെട്ടിച്ചമച്ചതാണു കേസെന്നുമാണു പ്രതിഭാഗത്തിന്റെ ആരോപണം.

related stories