Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുര്യനു പകരം മുൻപ് ഒരാളെ നിർദേശിച്ചിരുന്നു; വൈരാഗ്യമൊന്നുമില്ലെന്നും ഉമ്മൻ ചാണ്ടി

Oommen Chandy ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പി.ജെ. കുര്യനെതിരെ താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജ്യസഭാ സീറ്റ് സംബന്ധിച്ചു കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. താൻ പരാതി പറയുകയാണെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാൽ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവുമേയുള്ളൂവെന്നും ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാൻ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്. അതിനിടെയുണ്ടായ ചില തെറ്റിദ്ധാരണകൾ കാരണമാണു പ്രതിഷേധമുണ്ടായത്. യുഡിഎഫിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം മനസ്സിലാകും. യുഡിഎഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കുഞ്ഞാലിക്കുട്ടി വിഷയത്തിൽ ഇടപെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

‘1980 മുതൽ പി.ജെ. കുര്യൻ മത്സരിച്ച പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി ഞാനും ഒപ്പമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലും സജീവമായി ഒപ്പം നിന്നു. ആദ്യമായി കുര്യൻ രാജ്യസഭയിലേക്കു പോകുമ്പോൾ നൽകിയ സീറ്റ് സത്യത്തിൽ കേരള കോൺഗ്രസിന് അവകാശ വാദം ഉന്നയിക്കാവുന്നതായിരുന്നു. എന്നാൽ അവർക്ക് അടുത്തതവണ നൽകാമെന്നു പറഞ്ഞ് ആ സീറ്റ് പി.ജെ. കുര്യനു നൽകിയത് ഞാനാണ്.

2012ൽ കുര്യനോടു മാറി നിൽക്കണമെന്നു പറഞ്ഞത് സത്യമാണ്. പകരം മലബാറിൽനിന്നുള്ള ഒരു നേതാവിന്റെ പേരു കൊടുക്കണമെന്നു പറഞ്ഞു. മൊയ്തീന്റെ പേരും പറഞ്ഞു. എന്നാൽ കുര്യൻ മത്സരിക്കണമെന്നു നിർബന്ധം പിടിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന ഞാൻ എതിർത്തില്ല, പകരം നിർദേശം വയ്ക്കുകയാണുണ്ടായത്. പക്ഷേ നേതൃത്വം പറഞ്ഞത് കുര്യന്റെ പേരു കൊടുക്കാനായിരുന്നു. അന്നും ഇക്കാര്യത്തിലെ വിമുഖത ‍ഞാൻ അദ്ദേഹത്തോടു തന്നെ വ്യക്തമാക്കിയിരുന്നു’– ഉമ്മൻചാണ്ടി പറഞ്ഞു.

Read: ഉമ്മന്‍ ചാണ്ടിയുടെ ‘പേഴ്സനല്‍ അജന്‍ഡ’യെന്ന് കുര്യൻ

കോൺഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് നഷ്ടമായെന്നാണ് ഇപ്പോൾ പ്രതിഷേധിക്കുന്ന എല്ലാവരും കാണുന്ന ഒരേയൊരു കാര്യം. നിലവിലെ സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മുന്നണി മര്യാദകൾ പാലിച്ചു പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. എ.കെ. ആന്റണിക്കായി ലീഗ് മാറി നിന്നിട്ടുണ്ട്. കോൺഗ്രസും കേരള കോണ്‍ഗ്രസും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അതെല്ലാം മുന്നണിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ്. മുന്നണിക്കകത്തെ ഒരു ‘അഡ്ജസ്റ്റ്മെന്റാണ്’. അതിന്റെ യഥാർഥ വശം മനസ്സിലാക്കണം.

സീറ്റു കൈമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള കാര്യങ്ങൾ മനസിലാക്കാതെയാണ് ഇപ്പോഴത്തെ പ്രതിഷേധം. ഇത്തരത്തിൽ സീറ്റ് നൽകുന്നത് കീഴ്‌വഴക്കമാക്കില്ല, ഒറ്റത്തവണത്തേക്കുള്ള വിട്ടുവീഴ്ചയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

related stories