Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശർമിഷ്ഠയാണ് ശരി; സംഘ് ഉന്നമിട്ടത് പ്രണബിന്റെ സാന്നിധ്യം

ജോമി തോമസ്
Pranab-Mukherjee2 മുൻ രാഷ്ട്രപതി പ്രണബ് മുഖർജി

നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്ത്  ആതിഥ്യം സ്വീകരിച്ച അതിവിശിഷ്്ട വ്യക്തികളിൽ ഒന്നാമനായി മാറി ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. അദ്ദേഹം ആർഎസ്എസിന്റെ ക്ഷണം സ്വീകരിക്കുമോ, സ്വീകരിക്കാൻ പാടുണ്ടോ, സ്വീകരിച്ചതു ശരിയാണോ എന്നിങ്ങനെ ചർച്ചകൾ മാറിമാറിവന്നു. കോൺഗ്രസാണ് അതിനു നേതൃത്വം നൽകിയത്. പറയാനുള്ളത് നാഗ്പൂരിൽ പറയാം എന്നു മാത്രം പ്രണബ് അതിനോടൊക്കെ പ്രതികരിച്ചു. ക്ഷണം സ്വീകരിച്ച സ്ഥിതിക്ക്, എന്തു പറയുന്നുവെന്നു നോക്കാമെന്ന് പി. ചിദംബരവും മറ്റും ഒത്തുതീർ‍പ്പിലെത്തി.

മനസ്സിലാവാത്തത് കോൺഗ്രസിന്റെ ഒാർമക്കുറവാണ്. 2014 മേയ് 26 മുതൽ 2017 ജൂലൈ 24 വരെ രാഷ്ട്രപതി പ്രണബ് മുഖർജി ‘എന്റെ സർക്കാർ’ എന്നു പ്രസംഗങ്ങളിൽ പരാമർശിച്ചിരുന്നത് ആരുടെ ഭരണത്തെയാണ്? ആരുടെ നയമാണ് അദ്ദേഹം  പ്രഖ്യാപിച്ചിരുന്നത്? കോൺഗ്രസ് മനസ്സുള്ള പ്രണബ് മതനിരപേക്ഷ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ, പരിവാറിനോട് അകലം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് കോൺഗ്രസിന് അപ്പോഴൊന്നും തോന്നിയില്ല.

മറ്റൊരു ബംഗാളിയുടെ, എൻ.സി. ചാറ്റർജിയുടെ മകൻ സോമനാഥ് ചാറ്റർജിയുടെ കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് അതുമായി ചേർത്തുവായിക്കേണ്ടതാണ്. യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ, സോമനാഥ് സ്പീക്കർസ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം നിലപാടെടുത്തു. തങ്ങൾക്കു യോജിപ്പില്ലാത്ത ബില്ലുകളും മറ്റും പാസാക്കുന്നതിൽ സോമനാഥ് കാർമികനാകുന്നത് ഉചിതമല്ലെന്നു പാർട്ടി വിലയിരുത്തി. സോമനാഥ് അതിനോടു യോജിച്ചില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. ശരിയാണ്, ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാർ അധികാരമേറിയിരിക്കുന്നു, അതിനാൽ‍ പ്രണബ് രാജി വയ്ക്കുകയെന്നു 2014ൽ പറയാൻ കോൺഗ്രസിന് സാധിക്കില്ലായിരുന്നു. അത്രമേൽ ത്രീവ ആർഎസ്എസ് വിരുദ്ധനെങ്കിൽ, ഞാനിതാ രാജിവയ്ക്കുന്നുവെന്ന് 2014 ൽ അദ്ദേഹമായിരുന്നു പ്രഖ്യാപിക്കേണ്ടത്. രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞതോടെ പ്രണബ് വീണ്ടും കോൺഗ്രസുകാരനായി മാറി എന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചതിലാണ് അപാകത.

പ്രസംഗത്തിന്റെ പരിമിതി

പ്രണബ് ഇന്നലെ നാഗ്പൂരിൽ പറഞ്ഞത് ഇന്ത്യയെന്ന ഭാരതത്തിന്റെ ചരിത്രപരമായ നാൾവഴികളെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ്. തയാറാക്കിയ കുറിപ്പിനു പുറമെയും ചില കാര്യങ്ങൾ പറഞ്ഞു. വാക്കുകൾക്കു സാമാന്യം സ്ഫുടതയുണ്ടായിരുന്നു. ആർഎസ്എസുകാരായ ശ്രോതാക്കൾക്ക് ഒരു നല്ല ആമുഖ ക്ലാസ്. അതിനപ്പുറം, ചരിത്രവും ചരിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ശരാശരിയിൽ താഴെയുള്ള ഒരു പ്രസംഗമായി അതു തോന്നും. കാരണം, അതിൽ നാളിതുവരെ നമ്മൾ‍ കേട്ടിട്ടില്ലാത്ത ഒരു കാര്യവുമില്ലായിരുന്നു.

pranab-rss-function ആർഎസ്എസ് ആസ്ഥാനത്ത് പ്രസംഗിക്കുന്ന പ്രണബ് മുഖർജി.ചിത്രം: എഎൻഐ ട്വിറ്റർ

സഹിഷ്ണുത, സമഭാവന, വൈവിധ്യം, വൈവിധ്യത്തിന്റെ മഹനീയത, നമ്മുടെ സാർവദേശീയത – സ്കൂൾതല സാമൂഹിക പാഠപുസ്തകങ്ങളിലെ പ്രബോധനങ്ങൾക്ക് അപ്പുറം, ഉൾക്കാഴ്ചയ്ക്കു സഹായിക്കുന്ന പ്രകാശകിരണങ്ങളൊന്നും അതിൽനിന്നു കരംനീട്ടിയില്ല. ടിവിയിലൂടെയല്ലാതെ, നേരിട്ടു പ്രസംഗം കേട്ടവർക്കും സാമാന്യം മുഷിപ്പു തോന്നിയിട്ടുണ്ടാവും. കാരണം, എത്രയോ തവണ അവരും ഇതൊക്കെ കേട്ടിട്ടുള്ളതാണ്. തങ്ങൾ വിശ്വസിക്കുന്നതിൽ‍നിന്നു ഭിന്നമാണതൊക്കെയെന്നു ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. 

ഗാന്ധിവധമില്ലാത്ത ഇന്ത്യാ ചരിത്രം

1947 ലെ സ്വാതന്ത്ര്യലബ്ധിയിൽനിന്ന് പ്രണബ് പോയത് 1950 ൽ ഭരണഘടന അംഗീകരിക്കുകയെന്ന നാഴികക്കല്ലിലേക്കാണ്. കായികവും വാചികവുമായ അക്രമങ്ങൾ വെടിയേണ്ടതുണ്ടെന്ന് പിന്നീടു പറഞ്ഞു. എന്നാൽ, 1948 ജനുവരി 30ന് നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം അദ്ദേഹം അതിനുമുൻപേ വിട്ടുകളഞ്ഞു. എന്നാൽ, ആ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചില കാഴ്ചപ്പാടുകൾ പരാമർശിക്കാതെയുമിരുന്നില്ല. ഗാന്ധിവധം ഉൾപ്പെടാത്ത സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം ചരിത്രമല്ലെന്ന് ആർക്കാണ് അറിയാത്തത്? ഒാർമകളുടെ തമ്പുരാനായാണ് പ്രണബ് അറിയപ്പെടുന്നത്.

കോൺഗ്രസുകാരനായിരുന്ന കാലത്ത്, 2010 ലെ എഐസിസി സമ്മേളനത്തിൽ പ്രണബ്  അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ ആർഎസ്എസിനെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ഇന്നലത്തെ പ്രസംഗത്തെ കാര്യമായൊന്നും സ്വാധീനിച്ചില്ലെന്നു വ്യക്തം.

pranab-tribute

വേണമെങ്കിൽ പറയാം, അദ്ദേഹത്തിന്റെ പ്രസംഗമത്രയും ആർഎസ്എസിനോടുള്ള ബോധവത്കരണമായിരുന്നുവെന്ന്. അവരെ പേരെടുത്തു പറഞ്ഞില്ലെന്നേയുള്ളൂ, എല്ലാം അവരെ ഉദ്ദേശിച്ചായിരുന്നുവെന്ന്. അതു മതിയോ? –  അതാണ് അനുവദിച്ച സമയത്തിൽ കൂടുതലെടുത്തെന്നു പ്രണബ് തന്നെ പറഞ്ഞ പ്രസംഗത്തെക്കുറിച്ച് അവശേഷിക്കുന്ന ചോദ്യം. വിശ്വഭാരതി പോലെ മറ്റേതെങ്കിലും സ്ഥലത്താണ് പ്രണബ് ഇതേ പ്രസംഗം നടത്തുന്നതെങ്കിൽ, ഏതാനും ബംഗാളി ചാനലുകൾ‍പ്പുറം ആരെങ്കിലും ശ്രദ്ധിക്കുമായിരുന്നോ? സംശയമാണ്.

ക്ഷണം സ്വീകരിക്കാനുള്ള പ്രണബിന്റെ തീരുമാനത്തെ വിവാദമാക്കി ആർഎസ്എസിനെ സഹായിച്ചതു കോൺഗ്രസാണ്. പശുക്കളെ കൊല്ലുന്നതുൾപ്പെടെ പല വിഷയങ്ങളിലും ഇത്തരം സഹായങ്ങൾ നേരത്തെയും കോൺഗ്രസ് നൽകിയിട്ടുണ്ട്. അതൊന്നും പ്രണബ് സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത് കോൺഗ്രസിന്റെ ഭാഗ്യം. 

ആർഎസ്എസിന്റെ നേട്ടം

എന്താണ് ആർഎസ്എസിന് പ്രണബിനെ ക്ഷണിച്ചുവരുത്തി കേട്ടതുകൊണ്ടുള്ള പ്രയോജനങ്ങൾ? പ്രണബ് തങ്ങളെ പ്രകീർത്തിക്കാൻ പോകുന്നില്ലെന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കെ.ബി. ഹെഡ്ഗേവാർ മദർ ഇന്ത്യയുടെ മഹനീയ പുത്രനെന്നു സന്ദർശക പുസ്തകത്തിൽ നല്ല വാക്കെഴുതിയതല്ലാതെ, ആർഎസ്എസിന് രാഷ്ട്ര നിർമാണത്തിൽ പങ്കുണ്ടെന്നോ ഇനിയങ്ങോട്ട് ഉണ്ടാകുമെന്നോ പോലും അദ്ദേഹം പറഞ്ഞില്ല. എന്നാൽ, പ്രണബിനെ ക്ഷണിച്ചതിലൂടെ, എതിരഭിപ്രായങ്ങളെ കേൾക്കാനുള്ള വിശാലമനസ്സുള്ളവരാണെന്ന് തങ്ങളെന്ന്, മറുപക്ഷത്തിനാണ് അസഹിഷ്ണുതയെന്ന്, ഒരു വാദം നേരിട്ടല്ലാതെ മുന്നോട്ടുവയ്ക്കാൻ ആർഎസ്എസിനു സാധിച്ചു.

നയാ പൈസ മുടക്കില്ലാതെ രാജ്യത്തെ ഒട്ടുമിക്ക ടിവി ന്യൂസ് ചാനലുകളിലൂടെയും ഇന്നലെ മണിക്കൂറുകളോളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ആർഎസ്എസിനു കഴിഞ്ഞു. സംഘ് എന്നു തുടങ്ങി, എന്തിനു തുടങ്ങി, എന്തൊക്കെ ചെയ്യുന്നു, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നൊക്കെ വിശദീകരിക്കുന്ന പല പരിപാടികൾ. സംഘിന് പുതിയൊരു സ്വാധീനവലയത്തിനുള്ള വിത്തുകൾ പാകാനെങ്കിലും കെല്പുള്ളവയായിരുന്നു ഇവ.

pranab-rss-event നാഗ്പൂരിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രണബ് മുഖർജി .ചിത്രം: എഎൻഐ ട്വിറ്റർ

മോദി – ഷാ കൂട്ടുകെട്ടിനെതിരെയുള്ള ആർഎസ്എസ് നിലപാടാണ് വ്യക്തമാക്കപ്പെട്ടതെന്ന വാദം എന്തുകൊണ്ടോ ഇപ്പോൾ വിശ്വസനീമായി തോന്നുന്നില്ല. ചില നടപടികളുടെ മാത്രം പേരിൽ അവരെ സംഘിൽനിന്നു വേറിട്ടു കാണുന്നത് അബദ്ധമാകുമെന്നതുതന്നെ കാരണം. തീവ്ര നിലപാടുകാരല്ലാത്തവരെയും പരമാവധി ഉൾപ്പെടുത്തി ഹിന്ദു വോട്ട് ബേസ് വിശാലമാക്കേണ്ടത് ആർഎസ്എസിന്റെയും ബിജെപിയുടെയും പൊതു ആവശ്യമാണ്. ഇനി, പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി ശരിയെന്നു തെളിയിക്കപ്പെടും. പ്രസംഗത്തിന് ഒരു ദിവസംമുൻപേ ശർമിഷ്ഠ പറഞ്ഞത്, പ്രണബ് പറയുന്നതു മറക്കപ്പെടുമെന്നും ദൃശ്യങ്ങൾ അവശേഷിക്കുമെന്നും അവ മുതലാക്കപ്പെടുമെന്നുമാണ്.

ഒാർത്തിരിക്കാൻ തക്കതായ ഒരു വാചകം പോലുമില്ലാത്ത പ്രസംഗം മറക്കപ്പെടുക സ്വാഭാവികമാണ്. പ്രസംഗദൃശ്യങ്ങളുടെ പകർപ്പവകാശം ആർഎസ്എസിനാണ്. അത് എങ്ങനെയൊക്കെ വസൂലാക്കുമെന്നതാണ് ഇനി കാണേണ്ടത്.