Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യം കുറിക്കും; ഉപരോധത്തെയും തള്ളി പുടിൻ

Vladimir Putin

മോസ്കോ∙ യുഎസിന്റെ സമ്മർദം തലയ്ക്കു മുകളിലുണ്ടെങ്കിലും സിറിയയിൽ നിന്നു പിന്മാറ്റമില്ലെന്നു പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സിറിയയിൽ നിന്നു സൈന്യത്തെ പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സിറിയയിൽ സ്ഥിരമായ സൈനിക സംവിധാനത്തിനു നീക്കമുണ്ടാകില്ല. ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്ന വാർഷിക ‘ഫോൺ ഇൻ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പുടിൻ. 

സിറിയയില്‍ റഷ്യയ്ക്കു സാധിക്കുന്നിടത്തോളം കാലം സൈന്യത്തെ നിർത്തും. അതു രാജ്യാന്തര ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമാണ്. എന്നാൽ എല്ലാക്കാലത്തും അതുണ്ടാകില്ല. അത്യാവശ്യമെങ്കിൽ എത്രയും പെട്ടെന്നു സൈന്യത്തെ പിൻവലിക്കാനും റഷ്യയ്ക്കു സാധിക്കും, അതു യാതൊരു നാശനഷ്ടവുമില്ലാതെ– പുടിൻ വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്ത് റഷ്യയ്ക്കു ‘സ്വാധീനമുള്ള’ ഒരേയൊരു രാജ്യമാണു സിറിയ. ഏതൊക്കെ സാഹചര്യങ്ങളിലാണു റഷ്യ വിടുകയെന്നും സിറിയയിൽ റഷ്യയുടെ ‘പദ്ധതികൾ’ എന്തെല്ലാമാണെന്നതും സംബന്ധിച്ചു വിശദീകരണത്തിനു പുടിൻ തയാറായില്ല.

മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടുകൾ പ്രതിലോമകരമാണ്. അവർ റഷ്യയുടെ സാമ്പത്തികവളർച്ചയെയാണു ഭയക്കുന്നത്– പുടിൻ പറഞ്ഞു. 2014ലെ ക്രിമിയയിലെ കടന്നുകയറ്റം, ഉക്രെയ്നിലെ വിമതർക്കുള്ള പിന്തുണ, 2016 അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഇടപെടൽ തുടങ്ങിയവയുടെ പേരിൽ യുഎസും പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ഇരട്ടച്ചാരനും മകൾക്കും നേരെ വിഷപ്രയോഗം നടത്തിയതിന്റെ പേരിൽ  ബ്രിട്ടനും ഇടഞ്ഞു നിൽക്കുകയാണ്. 

‘ഇത്രയും നാൾ ഈ രാജ്യങ്ങൾ ചെലുത്തിയ ഉപരോധമെല്ലാം വെറുതെയായെന്നും അതു ജനങ്ങൾക്കു യാതൊരു ഉപകാരവും ചെയ്തില്ലെന്നും മറിച്ച് ദ്രോഹിക്കുകയായിരുന്നെന്നും വ്യക്തമായിക്കഴിയുമ്പോൾ അവർ നമുക്കെതിരെയുള്ള സമ്മർദം പിൻവലിക്കും. ഉപരോധക്കാർ റഷ്യയെ ഒരു ഭീഷണിയായാണു കാണുന്നത്. അവരുടെ എതിരാളി കൂടിയാണു റഷ്യയെന്നാണു കരുതുന്നത്. അത്തരം ചിന്തകളും അതുമായി ബന്ധപ്പെട്ടുള്ള നയങ്ങളുമെല്ലാം വെറും തെറ്റിദ്ധാരണ പരത്തുന്നവയാണ്’– പുടിൻ വ്യക്തമാക്കി.

നാലര മണിക്കൂർ നീണ്ട ഫോൺ–ഇൻ പരിപാടിയിൽ ലോകകപ്പ് ഫുട്ബോൾ, ഉയരുന്ന പ്രകൃതിവാതക വില തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. മോണിറ്ററുകൾ വഴിയുള്ള വിഡിയോ ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. പ്രാദേശിക ഗവർണർമാർക്കും മന്ത്രിമാർക്കുമായി നേരിട്ടുള്ള വിഡിയോ ലിങ്കുകളും നൽകി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവർക്കു കർശനനിർദേശമുണ്ടായിരുന്നു.

ഫോൺ–ഇൻ പരിപാടിയിൽ 25 ലക്ഷത്തോളം സന്ദേശങ്ങളാണു ലഭിച്ചത്. ഇവയില്‍ തിരഞ്ഞെടുക്കപ്പെട്ട 79 എണ്ണത്തിന് ഉത്തരം നൽകി. നാലു ചോദ്യം വിദേശ മാധ്യമ പ്രവർത്തകരിൽ നിന്നായിരുന്നു. മുൻകൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്നു വിമർശനമുയർന്നപ്പോൾ, സാധാരണ റഷ്യക്കാരുടെ പ്രശ്നമാണു കൈകാര്യം ചെയ്തതെന്നായിരുന്നു ഔദ്യോഗിക മറുപടി.