Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണം ധരിക്കാത്ത, ആത്മകഥ ഒരിക്കലും എഴുതില്ലെന്നു പറഞ്ഞ അറ്റ്‌ലസ് രാമചന്ദ്രൻ

Atlas-Ramachandran-Old അറ്റ്‌ലസ് രാമചന്ദ്രൻ (പഴയകാല ചിത്രം)

‘മുപ്പതുവർഷം മുൻപ് കുവൈത്തിൽ ജ്വല്ലറി തുടങ്ങി പേര് റജിസ്‌റ്റർ ചെയ്യാൻ വാണിജ്യമന്ത്രാലയത്തിലെത്തി. സാഹിത്യതൽപരനായതിനാൽ മലയാളിത്തം തുളുമ്പുന്ന പേരുകളും മറ്റുമായിട്ടാണു ചെന്നത്. ഈ പേരുകളെല്ലാം തള്ളിക്കളഞ്ഞ് പലസ്‌തീനിയായ ഉദ്യോഗസ്‌ഥൻ പറഞ്ഞു: നിങ്ങളുടെ സ്‌ഥാപനത്തിന്റെ പേര് അറ്റ്‌ലസ് എന്നാണ്...’ അവിടെ നിന്നായിരുന്നു തൃശൂർ സ്വദേശിയായ എം.എം.രാമചന്ദ്രൻ അറ്റ്‌ലസ് രാമചന്ദ്രനായി മാറുന്നത്.

വ്യവസായി എന്ന നിലയിൽ മാത്രമല്ല ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലെ സാന്നിധ്യമായും അറ്റ്‌ലസ് രാമചന്ദ്രനെ കേരളം അറിയും. ചലച്ചിത്ര അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ ഒരു ചിത്രത്തിൽ പോലും പ്രതിഫലം വാങ്ങി അഭിനയിച്ചിട്ടില്ലെന്നു പറയുന്നു ഇദ്ദേഹം. ചിലർ ഹോട്ടൽമുറി, യാത്രാ ചെലവ് എന്നിവ തരുമെന്നു മാത്രം.

‘ഹോളിഡേയ്സ്’ എന്ന ഒരു ചിത്രം സംവിധാനം ചെയ്തു. വൈശാലി, സുകൃതം, ധനം തുടങ്ങിയ പടങ്ങൾ നിർമിച്ചതും അറ്റ്‌ലസ് രാമചന്ദ്രനാണ്. ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങി ഒരു ഡസനോളം സിനിമകളുടെ വിതരണവും നടത്തി. ഇടക്കാലത്തു വീണ്ടും ബിസിനസ് ലോകത്തേക്കു കടന്നു. ബിസിനസിലെ ചില ലക്ഷ്യങ്ങൾ നേടിയ ശേഷം നിർമാണരംഗത്ത് വീണ്ടും എത്തുമെന്ന വാഗ്ദാനവുമായിട്ടായിരുന്നു പിന്മാറ്റം. അതിനിടെയാണു കേസിൽപ്പെട്ടു ജയിലിലാകുന്നത്.

പ്രശസ്തമാണു രാമചന്ദ്രന്റെ കോട്ട്. ലാൽ ജോസിന്റെ ‘അറബിക്കഥ’ സിനിമയിൽ അതൊരു കഥാപാത്രം പോലുമായിട്ടുണ്ട്. വീട്ടിനകത്ത്   ജുബ്ബയും പൈജാമയും, പുറത്ത് കോട്ട്. അതാണ് തന്റെ ‘യൂണിഫോം’ എന്നു പറയുന്നു ഇദ്ദേഹം. കാനറാ ബാങ്ക് ഡൽഹി ശാഖയിൽ ഉദ്യോഗസ്‌ഥനായിരുന്ന കാലത്താണു കോട്ട് ജീവിതത്തിൽ എത്തിയത്. മറ്റു ബാങ്കുകളുടെ ഇന്റർവ്യൂവിൽ അവരുടെ ചെലവിൽ പങ്കെടുത്ത് നാടുചുറ്റലായിരുന്നു അന്നത്തെ ഹോബി.

ഇന്റർവ്യൂവിൽ കോട്ടിട്ട് യോഗ്യനായി പങ്കെടുക്കും. പലസ്‌ഥലത്തും ജോലിക്ക് ഓഫർ വന്നു. പക്ഷേ, നാട്ടിലെത്താനുള്ള ആഗ്രഹം മൂലം  എസ്‌ബിടിയിൽ ചേർന്നു തിരുവനന്തപുരത്തെത്തി. പുത്തൻചന്തയിൽ പോസ്‌റ്റിങ് ആയി. ജോലി രാജിവച്ച് ബിസിനസ് ആരംഭിച്ചതിൽ പിന്നെ കോട്ട് മാത്രമായി വേഷം. കേരളത്തിൽ പൈജാമയ്‌ക്കും ജുബ്ബയ്‌ക്കും കൊള്ളവിലയായതിനാൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവ വാങ്ങുക. എട്ടോ പത്തോ ജുബ്ബ ഒന്നിച്ച് വാങ്ങും’– രാമചന്ദ്രൻ പറയുന്നു.

ഗൾഫ് രാജ്യങ്ങളിൽ മാത്രം അൻപതോളം ജ്വല്ലറികളുണ്ടെങ്കിലും സ്വർണത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ‘ആണുങ്ങൾ സ്വർണം ധരിക്കുന്നത് അറുബോറും മഹാവൃത്തികേടുമാണ്. മോതിരം പോലും എന്റെ വിരലിൽ കാണാനാവില്ല. ഇപ്പോഴത്തെ പെൺകുട്ടികൾപോലും സ്വർണം ധരിക്കുന്നില്ല. പക്ഷേ വിവാഹം എത്തുമ്പോൾ ഇവരുടെ നിറംമാറും...’ 

2012ൽ മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ‘ജീവിതകഥ എഴുതുമോ?’ എന്ന ചോദ്യവും അദ്ദേഹത്തിനു നേരെയുണ്ടായി. മറുപടി ഇങ്ങനെ:

‘ഒരു കാലത്തും ആ പരിപാടിക്കില്ല. സാധാരണക്കാരൻ മാത്രമാണു ഞാൻ. ഞാൻ ആത്മകഥ എഴുതിയാൽ കേരളത്തിലെ ഓരോ മനുഷ്യനും ആത്മകഥ എഴുതേണ്ടിവരും...’