Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിയും മൂന്നാംമുറയും വേണ്ട, മാന്യത വേണം: പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

Loknath-Behera ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ പൊലീസ് സ്റ്റേഷനുകളിലെ അഴിമതി ഒഴിവാക്കാന്‍ എസ്പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നു സര്‍ക്കുലര്‍. പൊലീസ് സേനയെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്പിമാര്‍ക്കു സര്‍ക്കുലര്‍ അയച്ചത്.

ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടേയും പ്രവര്‍ത്തനം എസ്പി നേരിട്ട് നിരീക്ഷിക്കണം. സ്റ്റേഷനില്‍ കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാം മുറയ്ക്കു വിധേയമാക്കരുത്. കേസന്വേഷണത്തില്‍ മൂന്നാംമുറ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

എസ്‌ഐമാര്‍ക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡിവൈഎസ്പിമാര്‍ പരിശോധിക്കണം. പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ എസ്പിമാരെ കൃത്യമായി അറിയിക്കണം. വിവരങ്ങള്‍ യഥാസമയം അറിയിക്കാത്ത ഡിവൈഎസ്പിരുടെ വിവരം എസ്പിമാര്‍ പൊലീസ് മേധാവിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അടിമുടി മാറണം. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. പരാതി നല്‍കേണ്ട പ്രധാന നമ്പരുകളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരും സ്റ്റേഷനുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്റ്റേഷനിലെ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം അടിമുടി പരിഷ്‌ക്കരിക്കണമെന്നും നിര്‍ദേശമുണ്ട്.