Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ക്ഷണിച്ചു, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടുത്ത വർഷം ഇന്ത്യയിലേക്ക്

Chinese President Xi Jinping, Indian Prime Minister Narendra Modi,

ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. ചൈനീസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചിൻപിങ്ങിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. അനൗപചാരിക ചർച്ചകൾക്കായാണു ക്ഷണമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. വുഹാനിൽ മോദിയും ചിൻപിങ്ങും തമ്മിൽ നടത്തിയ അനൗപചാരിക ചർച്ചയുടെ മാതൃകയിലായിരിക്കും ഇന്ത്യയിലെയും കൂടിക്കാഴ്ച. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.

ഏപ്രിൽ 27നും 28നുമായിരുന്നു ഇരു രാജ്യ തലവന്മാരും തമ്മിൽ വുഹാനിൽ കൂടിക്കണ്ടത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾക്കൊപ്പം അതിർത്തിയിൽ സമാധാനം പുലരുന്നതിനുള്ള നീക്കങ്ങളും അന്നത്തെ ചർച്ചയിലുണ്ടായി. അതിനു പിന്നാലെയാണു വീണ്ടും മോദി ഇന്നു ചൈനയിലേക്കെത്തിയത്. രണ്ടു ദിവസമായി നടക്കുന്ന ഷാങ്‌ഹായ് കോഓപറേഷൻ ഓർഗനൈസേഷൽ ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദിയുടെ സന്ദർശനം. 

ഇതിനു മുന്നോടിയായി ചിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നെന്ന് മോദി പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ ജലത്തിന്റെ പങ്കിടൽ സംബന്ധിച്ചും ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യുന്നതു സംബന്ധിച്ചും  ധാരണാപത്രങ്ങളും ഒപ്പുവച്ചു. വുഹാനിൽ എടുത്ത തീരുമാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചയും നടന്നു. ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം രാജ്യാന്തര വിഷയങ്ങളും ചിൻപിങ്ങുമായി ചർച്ച നടത്തിയെന്നു മോദി വ്യക്തമാക്കി.

related stories