Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുമായി ബന്ധം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുമോ?; മാണിയോട് സുധീരൻ

V.M. Sudheeran

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയ കെ.എം.മാണി വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന ഉറപ്പാണ് അതില്‍ പ്രധാനം. ലോക്സഭയില്‍ യുപിഎയ്ക്ക് ഒരു എംപിയെ നഷ്ടമാകുന്നതു ബിജെപിക്കു നേട്ടമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

സമദൂരനിലപാടു പാര്‍ട്ടികളോട് ഇനിയും എങ്ങനെ തുടരാനാകും. താന്‍ ഇടയ്ക്കിടയ്ക്കു മുന്നണി മാറാറില്ലെന്നും സുധീരൻ പറഞ്ഞു. ഏതു മുന്നണിയിലാണു താനെന്ന് ആരും പറയേണ്ട കാര്യമില്ല. ഉപദേശത്തിനു നന്ദി. ചതിയിലൂടെയും അട്ടിമറിയിലൂടെയും സ്ഥാനം നേടുകയല്ല വേണ്ടതെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു. നേരേ ചൊവ്വേയിലൂടെ മാണി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു ഈ വാക്കുകൾ.

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകിയതിന്റെ ഗുണഭോക്താവ് ബിജെപിയാണെന്ന വി.എം. സുധീരന്റെ ആരോപണം പഴഞ്ചൻ വാദമാണെന്നായിരുന്നു കെ.എം.മാണി ‘നേരേ ചൊവ്വേ’യിലൂടെ നടത്തിയ വിമർശനം. ക്രൈസ്തവനു സീറ്റ് കിട്ടിയാൽ ഹിന്ദുവും മറിച്ചായാൽ ക്രൈസ്തവരും പിണങ്ങും എന്നു വാദിക്കുന്നവർ കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദത്തെ മനസ്സിലാക്കാത്തവരാണ്. കോൺഗ്രസും സിപിഎമ്മും അടക്കം എല്ലാ കക്ഷികളോടും സമദുര നിലപാടാണ് ഞങ്ങൾക്ക്. എന്നാൽ, പാർട്ടിക്ക് അസ്വസ്ഥതയുണ്ടാവുമ്പോഴും വേണ്ട പരിഗണന ലഭിക്കാതെ വരുമ്പോഴും പ്രതികരിക്കുന്ന പാർട്ടിയാണിതെന്നും മാണി പറഞ്ഞിരുന്നു.

മുന്നണിയെ ശക്തിപ്പെടുത്താനായി കോൺഗ്രസിനെ ദുർബലമാക്കി എന്ന വാദവും ശരിയല്ല. ഘടകകക്ഷികളുടെ ശക്തിയിലൂടെ കോൺഗ്രസും ശക്തിപ്പെടുകയാണ് ചെയ്യുക. ഈ വിഷയത്തിൽ മധ്യസ്ഥത വഹിച്ച കുഞ്ഞാലിക്കുട്ടിയോട് വിദ്വേഷമുള്ളത് ഐക്യമുന്നണി സ്പിരിറ്റ് ഇല്ലാത്തവർക്കാണ്. അല്ലാത്തവർക്ക് അദ്ദേഹത്തോടു ബഹുമാനമേ തോന്നുകയുള്ളൂ. കോൺഗ്രസ് പാർട്ടിയിൽ ആലോചിക്കാതെ നേതാക്കൾ എടുത്ത തീരുമാനം എന്ന ആരോപണത്തിൽ കഴമ്പില്ല. പാർട്ടിക്കു വിശ്വാസമുള്ള നേതാക്കളാണെങ്കിൽ അണികളുടെ മനസ്സറിഞ്ഞു നല്ല തീരുമാനം എടുക്കുന്നതിൽ കുഴപ്പമില്ല – മാണി പറഞ്ഞു.