Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണഘടനയും പാർലമെന്റും അട്ടിമറിച്ച് മോദി; ഇനി ‘സ്വകാര്യഭരണം’

ജോമി തോമസ്
Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി.

സുവിശേഷവേലയ്ക്കായി ചെറുപ്പക്കാരെ ക്ഷണിക്കുന്നതുപോലൊരു പരസ്യത്തെക്കുറിച്ചാണ്. കഴിവും ലക്ഷ്യബോധവുമുള്ള, നാൽപതു വയസ്സിനു മുകളിലുള്ള, ബിരുദധാരികളെ മോദി സർക്കാർ ക്ഷണിക്കുന്നു. രാഷ്ട്ര നിർമാണത്തിൽ പങ്കെടുക്കാൻ. തിരഞ്ഞെടുക്കപ്പെടുന്ന 10 പേർ പത്തു മന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിയമനം താൽ‍ക്കാലികമാണ്. പരമാവധി മൂന്നു മുതൽ അഞ്ചു വർഷത്തേക്ക്. പണി ഇഷ്ടപ്പെടുന്നില്ലെങ്കിൽ മൂന്നു മാസത്തെ നോട്ടിസ് കൊടുത്ത് പിരിഞ്ഞുപോകാം, പിരിച്ചുവിടാനും മൂന്നു മാസം – ഇതാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ പഴ്സനേൽ വകുപ്പ് പത്രപ്പരസ്യത്തിലൂടെ വ്യക്തമാക്കിയത്.

രാഷ്ട്ര നിർമാണത്തിൽ വിദഗ്ധ സേവനം ആവശ്യമുള്ളതായി പരസ്യത്തിൽ പറയുന്ന മന്ത്രാലയങ്ങൾ റവന്യു, സാമ്പത്തികാര്യം, വാണിജ്യം, പരിസ്ഥിതി, റോഡ്, ഷിപ്പിങ്, വ്യോമയാനം, കൃഷി തുടങ്ങിയവയാണ്. മാതൃ–ശിശുവികസനം, സാമൂഹിക നീതി, തൊഴിൽ, പഞ്ചായത്തിരാജ്, ഗ്രാമവികസനം, ന്യൂനപക്ഷകാര്യം തുടങ്ങിയവയല്ല. ശരിയാണ്, നേരത്തെയും ചില ഒറ്റപ്പെട്ട നിയമനങ്ങൾ കേന്ദ്ര ബ്യൂറോക്രസിയിലെ ഉന്നതസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്.

സർക്കാരിൽത്തന്നെയുള്ള ശാസ്ത്രജ്ഞരെയും മറ്റും ശാസ്ത്ര–സാങ്കേതിക പരി‍ജ്ഞാനം ആവശ്യമായ  മന്ത്രാലയങ്ങളിൽ മേൽത്തട്ടുകളിൽ നിയമിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ എം. വീരപ്പ മൊയ്‍ലി അധ്യക്ഷനായിരുന്ന രണ്ടാം ഭരണപരിഷ്കാര കമ്മിഷൻ‍, ഇത്തരത്തിലുള്ള നിയമനത്തെ വ്യവസ്ഥാപിതമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. എട്ടു വർഷംകൂടി ഭരിച്ചിട്ടും യുപിഎ സർക്കാർ ആ ശുപാർശ നടപ്പാക്കിയില്ല.

പാർലമെന്റ് ഇരുട്ടിൽ

40 പേരെയെങ്കിലും സിവിൽ സർവീസിനു പുറത്തുനിന്നു നിയമിക്കാൻ മോദി സർക്കാർ ആലോചിക്കുന്നതായി രണ്ടു വർഷമായി വാർത്തകളുണ്ടായിരുന്നു. പാർലമെന്റിൽ ചോദ്യങ്ങൾ വന്നപ്പോഴൊക്കെയും അങ്ങനെയൊരു പദ്ധതിയില്ലെന്നാണു സർക്കാർ പറഞ്ഞത്. കഴിഞ്ഞ പാർ‍ലമെന്റ് സമ്മേളനത്തിൽ, മാർച്ച് 14ന് ലോക്സഭയിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റേതായിരുന്നു ചോദ്യം. അന്നും പഴ്സനേൽ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു: ഇല്ല, അങ്ങനയൊരു ആലോചനയില്ല. അങ്ങനെ പറഞ്ഞു മൂന്നു മാസം തികയുംമുൻപേ മേൽപറഞ്ഞ പരസ്യം പ്രത്യക്ഷപ്പെടുകയാണ്. പാർലമെന്റിന് സർക്കാർ നൽകുന്ന ഗൗരവം അതിലൂടെ വ്യക്തമാകുന്നു.

ഭരണഘടനയും പുറത്ത്

പാർലമെന്റിനും മുകളിലാണു നമ്മുടെ ഭരണഘടന. രാജ്യത്തിന്റെ വിശുദ്ധപുസ്തകം. അതിലെ 320–ാം വകുപ്പു പറയുന്നത് കേന്ദ്ര സർക്കാരിൽ സിവിൽ സർവീസ് നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാലിക്കേണ്ട തത്വങ്ങളിലും യൂണിയൻ പബ്ളിക് സർവീസ് കമ്മിഷനുമായി ആലോചിക്കണമെന്നാണ്. സംസ്ഥാനത്ത്, അവിടുത്തെ പബ്ളിക് സർവീസ് കമ്മിഷനുമായും. ഇപ്പോഴത്തെ തീരുമാനത്തിനു മുൻ‍പു യൂണിയൻ പബ്ളിക് സർവീസ് കമ്മിഷനുമായി കൂടിയാലോചിച്ചോയെന്നോ, ആലോചിച്ചെങ്കിൽ അവർ എന്തു പറഞ്ഞെന്നോ സർക്കാരിനു പ്രിയതരമായ മാധ്യമങ്ങളിലൂടെ പോലും വിവരം പുറത്തുവന്നിട്ടില്ല.

പാർലമെന്റ് മാത്രമല്ല, ഭരണഘടനാപരമായാണോ സർക്കാരിന്റെ നടപടി എന്നതിൽ ജനം പൊതുവിൽ ഇരുട്ടിലാണ്. ഭരണഘടനയുടെ 312–ാം വകുപ്പ് സർവീസ് രൂപീകരണം, റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെ അഖിലേന്ത്യാ സർവീസ് സംബന്ധിച്ച കാര്യങ്ങളിൽ പാർലമെന്റിന്, പ്രത്യേകിച്ചും രാജ്യസഭയ്ക്കുള്ള പങ്ക് എടുത്തുപറയുന്നു. മുഹമ്മദ് ബഷീറിനു ലഭിച്ച മറുപടിയും ഇപ്പോഴത്തെ നടപടിയും ഒരിക്കൽക്കൂടി കൂട്ടിവായിക്കുക.

എന്തു സംവരണം?

സർക്കാർ സർവീസിലെ സംവരണമെന്നതും ഭരണഘടനയിലുള്ളത്. നടപ്പായിട്ടില്ലാത്തതു സ്വകാര്യ മേഖലയിലെ സംവരണമാണ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ സിലക്‌ഷൻ കമ്മിറ്റിയാണു ജോയിന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുക എന്നല്ലാതെ, സംവരണ തത്വങ്ങൾ പാലിക്കുമെന്നൊരു പരാമർശം കഴിഞ്ഞദിവസത്തെ പരസ്യത്തിൽ ഇല്ല. അതു സൃഷ്ടിക്കാവുന്ന ആശങ്കയും സംശയങ്ങളും വഴിവയ്ക്കാവുന്ന നിയമയുദ്ധങ്ങളും പരിഗണിക്കുക. നിലവിൽ കേന്ദ്ര സർവീസിൽ പട്ടിക വിഭാഗങ്ങളിൽനിന്നുള്ളവർ വിരലിലെണ്ണാൻ മാത്രമേയുള്ളൂ എന്നതു ചെറിയ വിഷയമല്ല, മാറിമാറിവന്ന സർക്കാരുകളുടെ പിന്നാക്ക ഉന്നമന നയങ്ങൾക്കുനേരെ ചോദ്യമുയർത്തുന്ന സാമൂഹിക പ്രശ്നമാണ്.

രണ്ട് ആശങ്കകൾ

സ്വകാര്യ മേഖലയിൽനിന്നുള്ള കൂട്ടനിയമനത്തെക്കുറിച്ചു രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നയിക്കുന്നതു പ്രധാനമായും രണ്ട് ആശങ്കകളാണ്: രാഷ്ട്രീയമായി തങ്ങളുടെ പക്ഷത്തുള്ളവരെ തള്ളിക്കയറ്റാനുള്ള സർക്കാർ ശ്രമം. വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ താൽ‍പര്യങ്ങളും ആവശ്യങ്ങളും നടപ്പാക്കാനാവും സ്വകാര്യ മേഖലയിൽനിന്നു ‘ഡപ്യുട്ടേഷനിൽ’ വരുന്ന ജോയിന്റ് സെക്രട്ടറിമാർ ശ്രമിക്കുക. രണ്ട് ആശങ്കകളും കഴമ്പുള്ളതാണ്. നിലവിൽ അനൗദ്യോഗികമായി അത്തരത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇനി അതിന് ഒൗദ്യോഗിക സ്വഭാവം കൈവരുത്താമെന്നു മാത്രം.

രാഷ്ട്രീയമായി തങ്ങളുടെ പക്ഷത്തുള്ളവരെ താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നതു ബിജെപി മാത്രമല്ല, ഭരണമുള്ളപ്പോൾ എല്ലാവരും ചെയ്യുന്നതാണ്. കൺസൾട്ടന്റ്, ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടി, അഡ്വൈസർ തുടങ്ങിയ പേരുകളിലാണ് അത്തരത്തിൽ നിയമിക്കപ്പെടുന്നവർ വിശേഷിപ്പിക്കപ്പെടുക. അവർ മുഖ്യമായും രാഷ്ട്രീയ, പ്രത്യയശാസ്ത്ര താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്നവരാണ്.

സർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും അന്യായമായ രീതിയിൽ വൻകിട സ്വകാര്യ സ്ഥാപനങ്ങൾ സ്വാധീനിക്കുകയെന്നത് പുതുമയുള്ള കാര്യമല്ലെന്നല്ല, നാട്ടുനടപ്പാണ്. അതിനു സ്വകാര്യ സ്ഥാപനങ്ങൾക്ക് അതിന്റേതായ രീതിയുണ്ട്. ഇനിയിപ്പോൾ സർക്കാരിൽ തൽക്കാലത്തേക്ക് ജോയിന്റ് സെക്രട്ടറിമാരായി സ്വകാര്യ മിടുക്കൻമാർ ഒൗദ്യോഗികമായി നിയമിക്കപ്പെടും.  അവർ ആർക്കായി പ്രവർത്തിക്കും? ഏതോ സ്വകാര്യ കമ്പനിയാണല്ലോ അവരുടെ ‘പേരന്റ് കേഡർ’.

സ്വകാര്യത്തിന്റെ മെച്ചം

ബ്യൂറോക്രസിയിൽ സ്വകാര്യ ബുദ്ധിയും സ്വകാര്യ ആശയങ്ങളും കൊണ്ടുവരണമെന്നു ശക്തമായി വാദിക്കുന്നയാളാണു നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനികളിലേക്കു ഡപ്യുട്ടേഷനിലേക്കു പോകുന്നതും നല്ല കാര്യമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അദ്ദേഹത്തെ വളർത്തിയതും ഇന്ത്യൻ സിവിൽ സർവീസാണ്. അദ്ദേഹത്തെപ്പോലെ പ്രശസ്തരല്ലാത്ത ഒട്ടേറെ മിടുക്കരുമുണ്ട് സിവിൽ സർവീസിൽ‍. സർക്കാരിന്റെ തുടർച്ച നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ മാത്രമല്ല, മനുഷ്യനു പ്രയോജനകരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും കാലങ്ങളായി അവർ സുപ്രധാന പങ്കുവഹിക്കുന്നു.

അവർ പലരും സ്കൂൾ, കോളജ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ നേടിയവരാണ്. വൻകിട ബിസിനസ് സ്ഥാപനങ്ങളിലേക്കു പോയിരുന്നെങ്കിൽ‍ കൂടുതൽ സാമ്പത്തിക മെച്ചം നേടുമായിരുന്നവരാണ്. എന്നിട്ടും അതിനു മുതിരാതെ സർക്കാരിലെ മുഷിപ്പൻ ജോലികളിൽ ഡിഗ്നിഫൈഡ് ഗുമസ്തൻമാരായിരിക്കാൻ അവർ തീരുമാനിച്ചെങ്കിൽ അതൊരു മനോഭാവം കൂടിയാണ്. അതു സർക്കാരെന്ന പൊതു ആശയത്തിന്റെ ഭാഗമായിരിക്കാനുള്ള മനോഭാവമാണ്. അതു കോർപറേറ്റ് ലാഭക്കച്ചവട മനോഭാവവുമായി ഒത്തുപോകുന്നതല്ല. അതിലൂടെ ലഭിക്കുന്ന ലാഭം പലപ്പോഴും കണക്കു പുസ്തകത്തിലല്ല, നമ്മുടെ ചുറ്റുപാടുമാണു കാണുക. അതിലൊന്നും വലിയ കാര്യമില്ലെന്നാണു മോദി സർക്കാർ ഇപ്പോൾ പറയുന്നത്.

വ്യക്തികളുടെ സ്വകാര്യതയൊഴികെ, സ്വകാര്യമായതെല്ലാം നല്ലതാണെന്നു കരുതുന്ന സർക്കാരാണ്. അതുകൊണ്ടാണു ഭരണത്തിലും കോർപറേറ്റ് മിടുക്ക് കരാർ വ്യവസ്ഥയിൽ വേണമെന്ന താൽപര്യം. കുറെക്കഴിഞ്ഞു ഭരണംതന്നെ ഒൗട്ട്സോഴ്സ് ചെയ്യപ്പെടാം. അപ്പോൾ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും എന്തു സംഭവിക്കുമെന്നോ? ബിസിനസുകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും ഒട്ടേറെ മീറ്റിങ് പോയിന്റുകളുള്ളപ്പോൾ എന്തു പ്രശ്നം? കാലാവധി പൂർത്തിയാക്കാൻ 11 മാസം മാത്രം ബാക്കിയുള്ള സർക്കാർ, നയരൂപീകരണച്ചുമതലയുള്ള സ്ഥാനങ്ങളിൽ അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നൊരു തുടർച്ചയുണ്ട്. അതെന്തെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാവും.

related stories