Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫിന്റെ ‘പ്രതികാരം’: പൊലീസിനൊരു പുത്തൻ പ്രിന്റർ

joseph-police-printer1 ജോസഫ് ജോബ്

ചങ്ങനാശേരി ∙ പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറി (ജിഡി) പേജിന്റെ പകർപ്പിനായി കയറിയിറങ്ങി മടുത്ത ജോസഫ് ജോബ് ഒടുവിൽ ‘പ്രതികാരം’ ചെയ്തു; പുതിയ പ്രിന്റർ വാങ്ങി നൽകി. മൂന്നു ദിവസം തുടർച്ചയായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പ്രിന്റർ കേടായതിനാൽ ജിഡി എൻട്രി പകർപ്പ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 18,000 രൂപ വിലയുള്ള പ്രിന്റർ വെരൂർ മുളകുപാടം ജോസഫ് ജോബ് പൊലീസ് സ്റ്റേഷനു സമ്മാനമായി നൽകിയപ്പോൾ ഞെട്ടിയതു പൊലീസായിരുന്നു.  

രണ്ടാഴ്ച മുൻപു ജോസഫിന്റെ കാറിൽ ബൈക്ക് തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ജനറൽ ഡയറി (ജിഡി) എൻട്രിയുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പ്രിന്റർ കേടായതിനാൽ അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. പിന്നീടു ചെന്നപ്പോഴും ഇതേ മറുപടിയാണു ലഭിച്ചത്. വീണ്ടും സ്റ്റേഷനിൽ എത്തിയ ജോസഫിന് സമീപത്തെ കടയിൽനിന്നു പൊലീസുകാർ പകർപ്പ് എടുത്തു നൽകി പ്രശ്നം പരിഹരിച്ചെങ്കിലും ഒട്ടേറെ ആളുകൾ സമാന ആവശ്യങ്ങളുമായി സ്റ്റേഷനിൽ വന്നു നിരാശരായി മടങ്ങുന്നതു ജോസഫിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.

പ്രിന്റർ ശരിയാക്കാൻ ഉദ്യോഗസ്ഥതലത്തിൽ അനുമതി ആവശ്യമാണെന്നു പൊലീസുകാരുമായുള്ള സംഭാഷണത്തിൽ മനസ്സിലാക്കിയ ജോസഫ് എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സ്റ്റേഷനിലേക്കു പ്രിന്റർ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ സിഐ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പ്രിന്റർ കൈമാറി. ഏറെക്കാലം വിദേശത്തു ജോലി ചെയ്തിരുന്ന ജോസഫ് 2011ലാണു തിരികെ നാട്ടിലെത്തിയത്. 

നിസ്സാരമായി ചെയ്യാവുന്ന ചില കാര്യങ്ങൾ സർക്കാർ നൂലാമാലകളിൽ കുടുങ്ങി മുടങ്ങുന്നതു ജനങ്ങൾക്ക് എത്രമാത്രം പ്രയാസമുണ്ടാക്കുമെന്ന് അധികൃതരെ ഓർമിപ്പിക്കാൻ മാത്രമാണ് ഇങ്ങനെ ചെയ്തതെന്നു ജോസഫ് പറയുന്നു.