Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയകാര്യ സമിതിക്കില്ല; ഉമ്മൻ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്

Oommen Chandy

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിന്റെ പേരിൽ തുടരുന്ന പോരടിക്കൽ ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലേക്കും വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടി മുന്‍ എംപിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഉമ്മൻ ചാണ്ടി ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയവരെ കാണാനും നീക്കമുണ്ട്. ആന്ധ്രയിലേക്കു പോകുന്നതിനാൽ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, രാഷ്്ട്രീയകാര്യസമിതി ചേര്‍ന്നതുകൊണ്ട് ഫലമില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. പാര്‍ട്ടിക്കു നന്മയുണ്ടാക്കുന്ന ഒരു ആലോചനയും ഉണ്ടാകാനിടയില്ല എന്ന് വാഴയ്ക്കൻ വിമർശിച്ചു. സമിതിയിലെ മിക്കവരും സ്വന്തം അജന്‍ഡകളുമായി പരസ്യപ്രസ്താവന നടത്തുന്നവരാണ്. വാര്‍ത്ത സൃഷ്ടിക്കാനാകും നേതാക്കളുടെ ശ്രമം. കെപിസിസി നിര്‍വാഹകസമിതി വിളിക്കണമെന്ന് വാഴയ്ക്കൻ പറഞ്ഞു.

കോൺഗ്രസിനു കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ഇന്നു ചേരുന്ന പാർട്ടി ഫോറത്തിൽ അദ്ദേഹത്തിനെതിരെ നേതാക്കൾ ആഞ്ഞടിക്കുമെന്നും വിലയിരുത്തലുണ്ട്. സമിതിയംഗങ്ങളായ പി.ജെ. കുര്യൻ, പി.സി. ചാക്കോ, ഷാനിമോൾ ഉസ്മാൻ എന്നിവർ അവസാനം വരെ സീറ്റ് പ്രതീക്ഷ നൽകി കബളിപ്പിച്ചുവെന്ന വികാരത്തിലുമാണ്.

ഇന്നലെയും പരസ്യപ്രതിഷേധം തുടർന്ന വി.എം. സുധീരൻ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ചർച്ച കൂടാതെ സീറ്റ് അടിയറവച്ചതിലുള്ള അതൃപ്തി കെ. മുരളീധരൻ, കെ.വി. തോമസ് എന്നീ സമിതിയംഗങ്ങളും പ്രകടമാക്കി. പരസ്യ പ്രതികരണത്തിനു മുതിരാത്ത ചിലർ പാർട്ടി ഫോറത്തിൽ തുറന്നുപറയാനുള്ള തീരുമാനത്തിലുമാണ്. ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ അതേസമയം, എ ഗ്രൂപ്പ് ചെറുക്കും.