Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി, സിഎൻജി ബസ്: ബജറ്റിലെ 21 കോടി അനുവദിക്കണമെന്ന് സർക്കാരിനോട് തച്ചങ്കരി

ksrtc-bus-3

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിക്ക് എസി ബസുകളും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ബസുകളും വാങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച 21.58 കോടിരൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി ഗതാഗത സെക്രട്ടറിക്ക് കത്തയച്ചു. 35 എസി ബസുകളും 11 സിഎന്‍ജി ബസുകളും വാങ്ങാന്‍ തുക അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനും ബസുകള്‍ വാങ്ങാനുമായി 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് 21.58 കോടിരൂപ പ്രഖ്യാപിച്ചത്. എന്നാല്‍, ഒന്നു വീതം സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ബസുകള്‍ വാങ്ങാനായി നാലു കോടിരൂപ മാത്രമാണു സര്‍ക്കാര്‍ അനുവദിച്ചത്.

കെഎസ്ആര്‍ടിസിയുടെ ആലുവയിലെ റീജനല്‍ വര്‍ക്‌ഷോപ്പില്‍ സിഎന്‍ജി ഫില്ലിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ആനയറയിലെ ഫില്ലിങ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി തിരുവനന്തപുരത്തും എറണാകുളത്തും സിഎന്‍ജി ബസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ എസി ബസുകളും പ്രവര്‍ത്തിപ്പിക്കാന്‍ ആലോചിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് 21.58 കോടിരൂപയുടെ ഭരണാനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

related stories