Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഭീകരാക്രമണം: 2 പൊലീസുകാർ കൊല്ലപ്പെട്ടു, 10 പേർക്കു പരുക്ക്

pulwama-attack-indian-army പുൽവാമയിൽ ആക്രമണം നടന്ന സ്ഥലത്ത് സുരക്ഷാസേന. ചിത്രം: എഎൻഐ, ട്വിറ്റർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. 10 പൊലീസുകാർക്കു പരുക്കേറ്റു. ഗുലാം റസൂൽ, ഗുലാം ഹസൻ എന്നീ പൊലീസുകാരാണു കൊല്ലപ്പെട്ടത്. ജില്ലാ കോടതി സമുച്ചയത്തിനു സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിനു നേരെ വെടിയുതിർത്ത ഭീകരരെ നേരിട്ടാണ് ഇവർ വീരമൃത്യു വരിച്ചത്. ഭീകരർ ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കവർന്നു.

അനന്ത്‌നാഗിലെ ജൻഗലത് മൻഡി മേഖലയിൽ സിആർപിഎഫ് സംഘത്തിനു നേരെയും ഭീകരർ ഗ്രനേഡ് എറിഞ്ഞു. പരുക്കേറ്റ 10 ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് വക്താവ് പറഞ്ഞു. ഇവിടെയും പുൽവാമയിലും പുലർച്ചെയാണ് ആക്രമണം നടന്നത്.

റമസാൻ പ്രമാണിച്ച് കശ്മീരിൽ ആഭ്യന്തര മന്ത്രാലയം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 20 ദിവസങ്ങളിൽ സുരക്ഷാ സേനയ്ക്കെതിരെ 44 തവണ ആക്രമണമുണ്ടായി. ഇതുവരെ നാലു സുരക്ഷാ ജീവനക്കാർ കൊല്ലപ്പെടുകയും 33 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇരുന്നൂറോളം ഭീകരർ കശ്മീർ താഴ്‌വരയിലുണ്ടെന്നാണു സുരക്ഷാ സേനയുെട കണക്ക്.