Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുഡ്മോണിങ് സർ, ഇന്നെങ്കിലും കാണാനാകുമോ?: ലഫ്റ്റനന്റ് ഗവർണറോട് കേജ്‍രിവാൾ

aap-leaders ധർണയ്ക്കിടെ രാത്രിയിൽ രാജ് നിവാസിലെ സോഫയിൽ കിടന്നുറങ്ങുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും സഹമന്ത്രിമാരും. ചിത്രം ട്വിറ്റർ

ന്യൂഡൽഹി∙ ‘ഗുഡ്മോണിങ് സർ. ഇന്നലെ വൈകിട്ട് മുതൽ ഞങ്ങൾ ഇവിടെയുണ്ട്. ഡൽഹി മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും അങ്ങയുടെ ഓഫിസിലെ സോഫയിലാണു കിടന്നുറങ്ങിയത്. തിരക്കേറിയ പരിപാടികൾക്കിടയിൽ ഇന്നെങ്കിലും കൂടിക്കാഴ്ച നടത്താനാവുമോ?’– രാവിലെ 6.12ന് ഡൽഹി ലഫ്റ്റനന്റ് ഗവർണറെ ടാഗ് ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും സഹമന്ത്രിമാരും തന്റെ ഓഫിസിൽ നടത്തുന്ന സമരം 15 മണിക്കൂർ പിന്നിട്ടിട്ടും ലഫ്റ്റനന്റ് ഗവർണർ പക്ഷേ, തിരിഞ്ഞുനോക്കിയിട്ടില്ല.

അരവിന്ദ് കേജ്‌‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുടെ സംഘമാണു ലഫ്.ഗവർണർ അനിൽ ബൈജലിനെ കഴിഞ്ഞദിവസം സന്ദർശിച്ചത്. നാലു മാസമായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ഗവർണറെ കണ്ടത്. എന്നാൽ ആവശ്യങ്ങൾ ഗവർണർ അംഗീകരിച്ചില്ല. തുടർന്നാണ് സംഘം ലഫ്. ഗവർണറുടെ ഓഫിസായ രാജ് നിവാസിൽ വൈകിട്ട് ആറുമണിയോടെ ധർണ ആരംഭിച്ചത്.

കേജ്‍രിവാളും സത്യേന്ദ്രയും രാജ് നിവാസിലെ സോഫകളിലും മറ്റു രണ്ടുപേർ ഗ്ലാസ് മേശയിൽ കാലുവച്ചു ചാരിയിരുന്നും ഉറങ്ങുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ, സത്യേന്ദർ ജെയിൻ അനിശ്ചിതകാല ഉപവാസവും ആരംഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഡൽഹിക്കാർക്കു സുപ്രഭാതം, സമരം തുടരുന്നു എന്നു കേജ്‍രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അകാരണമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ധർണ നടത്തുന്നതെന്നാണു അനിൽ ബൈജലിന്റെ ഓഫിസിന്റെ നിലപാട്.