Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ വോട്ട് പിടിച്ചാൽ കുടുംബസമേതം ദുബായ് യാത്ര; ഓഫറുമായി എംഎൽഎ

Ravneet-Singh-Bittu ലുധിയാന എംപി രൺവീത് സിങ് ബിട്ടു. ചിത്രം: ട്വിറ്റർ

ലുധിയാന∙ രാഷ്ട്രീയം സാധ്യതകളുടെ കലയായതിനാൽ വാഗ്ദാനങ്ങൾക്കു പഞ്ഞമുണ്ടാകാറില്ല. കൂടുതൽ വോട്ടു പിടിക്കുന്ന കൗൺസിലർക്കു ദുബായിലേക്ക് പഞ്ചനക്ഷത്ര യാത്രയെന്ന ഓഫറാണ് ഇപ്പോൾ പഞ്ചാബിലെ സംസാരം. ലുധിയാനയിലെ കോൺഗ്രസ് എംഎൽഎ സഞ്ജയ് തൽവാറിന്റേതാണു വാഗ്ദാനം.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ ലുധിയാന സിറ്റിങ് എംപി കോൺഗ്രസിലെ രൺവീത് സിങ് ബിട്ടുവിനു ലുധിയാന ഈസ്റ്റിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിക്കൊടുക്കുന്ന കൗൺസിലർമാർക്കു മാത്രമാണ് ഓഫറുള്ളതെന്നു സഞ്ജയ് പറഞ്ഞു. കൗൺസിലർക്കും കുടുംബത്തിനും മൂന്നു രാത്രിയും നാലു പകലും ദുബായിൽ പഞ്ചനക്ഷത്ര സൗകര്യത്തിൽ സൗജന്യമായി കഴിയാം.

ഇത്തരത്തിലുള്ള ആദ്യ വാഗ്ദാനമല്ല ഇത്. പക്ഷേ, ഒന്നും വെറും വാക്കാവാറില്ലെന്നു മാത്രം. ലുധിയാനയിൽ അടുത്തിടെ നടന്ന ‘തിരഞ്ഞെടുപ്പു മത്സര’ത്തിൽ വിജയിച്ച പത്താം വാർഡിലെ കോൺഗ്രസ് കൗൺസിലർ ഹർജിന്ദർ പാൽ ലല്ലിക്ക് 11 ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ചയാണു തൽവാർ കൈമാറിയത്.

ഇങ്ങനെ ഓഫർ നൽകുന്നതിൽ അധാർമികമോ തെറ്റോ ഇല്ലെന്ന പക്ഷക്കാരനാണു തൽവാർ. പൊതുപണമല്ല, സ്വന്തം പണമാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. അടുത്തവർഷത്തെ പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടില്ലാത്തതിനാൽ നിയമലംഘനമില്ലെന്നും തൽവാർ വിശദീകരിച്ചു. വിഷയത്തിൽ ബിട്ടുവിന്റെ പ്രതികരണം ലഭ്യമല്ല.