Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം വ്യത്യസ്തൻ, നല്ലവൻ; ഉത്തര കൊറിയ മിസൈൽ പരീക്ഷണ ശാല നശിപ്പിക്കുമെന്നും ട്രംപ്

Donald-Trump--Singapore-Summit ട്രംപ് വാർത്താസമ്മേളനത്തിൽ (ചിത്രം: എഎഫ്പി)

സിംഗപ്പൂർ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനം. കിമ്മുമായി ചരിത്രംകുറിച്ച ചർച്ചയ്ക്കു ശേഷമായിരുന്നു ട്രംപ് മാധ്യമങ്ങളെ കണ്ടത്. അതിനു മുൻപ് എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞ വാക്കുകളും വരുംനാളുകളിലെ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതായി– ‘കിം എന്നെ വിശ്വസിക്കുന്നു, ഞാൻ കിമ്മിനെയും’ എന്നതായിരുന്നു അത്.

ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം, കൊറിയൻ ഉപദ്വീപിലെ സമാധാനം. ദക്ഷിണ കൊറിയയുമൊത്തുള്ള സൈനികാഭ്യാസം, മിസൈൽ പരീക്ഷണം, ഉത്തര കൊറിയയുടെ മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ട്രംപിനു നേരെ ചോദ്യങ്ങളുണ്ടായി. സ്വന്തം ജനങ്ങൾക്കു വേണ്ടി ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ കിമ്മിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ തുടക്കം. ശത്രുക്കൾ ഇപ്പോൾ സുഹൃത്തുക്കളായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗംഭീര രാജ്യമാകാനുള്ള എല്ലാ ശേഷിയുമുണ്ട് ഉത്തര കൊറിയയ്ക്ക്. കിമ്മുമൊത്തുള്ള ചർച്ചയിൽ ‘കഠിനമായ’ മണിക്കൂറുകളാണു കടന്നുപോയത്. കൂടിക്കാഴ്ച സത്യസന്ധവും ഏറെ ഗുണഫലങ്ങളുള്ളതുമായിരുന്നു. ആണവായുധങ്ങൾ പൂർണമായും ഉപേക്ഷിച്ചാൽ രാജ്യാന്തര വാണിജ്യ മേഖലയിൽ ഉത്തര കൊറിയയ്ക്ക് അതിരില്ലാത്ത നേട്ടം സ്വന്തമാക്കാമെന്നും ട്രംപ് പറഞ്ഞു. ചരിത്രത്തിലെ നിർണായക ദിനമാണിന്ന്. പക്ഷേ താൻ തുടങ്ങിയിട്ടേയുള്ളൂ. ലക്ഷ്യം കണ്ട് ഈ സൗഹൃദനീക്കം പൂര്‍ത്തിയാക്കാനാണു തീരുമാനം. പ്രതീക്ഷിച്ചതിലും ഏറെ കൂടിക്കാഴ്ചയിൽനിന്നു ലഭിച്ചതായും ട്രംപ് പറഞ്ഞു. 

മിസൈൽ കേന്ദ്രം തകർക്കും

രാജ്യത്തെ മിസൈൽ പരീക്ഷണകേന്ദ്രം നശിപ്പിക്കുമെന്നു കിം വാക്കു നൽകിയതായി ട്രംപ് പറഞ്ഞു. ‘മിസൈൽ ടെസ്റ്റിങ് സൈറ്റ്’ നശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരം വൈകാതെ പുറത്തുവിടും. ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച ഉറപ്പ് കിം തനിക്കു നൽകിയതെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയയ്ക്കു നേരെ പ്രയോഗിക്കാൻ തയാറായി 300 ‘അതിശക്തമായ’ ഉപരോധങ്ങളുടെ പട്ടിക കഴിഞ്ഞ ആഴ്ച വരെ കയ്യിലുണ്ടായിരുന്നു. എന്നാൽ ഇനി അതു പ്രയോഗിക്കുന്നത് ആ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാകും. ഉച്ചകോടിയിൽനിന്ന് അത്രയേറെ നല്ല കാര്യങ്ങളാണു ലഭിച്ചിരിക്കുന്നത്. ഉത്തര കൊറിയയുടെ കയ്യിലുള്ള ആണവായുധങ്ങൾ ഒരു പ്രശ്നമല്ലെന്നു വ്യക്തമായിക്കഴിഞ്ഞാൽ രാജ്യത്തിനെതിരെയുള്ള ഉപരോധങ്ങളും പിൻവലിക്കും. ആണവ നിരായുധീകരണത്തിന് എത്ര കാലമെടുക്കുമെന്ന ചോദ്യത്തിന് ‘ശാസ്ത്രീയമായിത്തന്നെ’ ഏറെ നാളെടുത്തു മാത്രമേ പൂർത്തിയാക്കാനാകൂവെന്നും ട്രംപ് പറഞ്ഞു. 

ഒരു ദിവസമല്ലേ ആയിട്ടുള്ളൂ!

ഉത്തര കൊറിയയ്ക്കു കരുത്തുറ്റ ആണവശേഖരമുണ്ടെന്ന് ഇന്റലിജൻസ് വിവരങ്ങളിൽനിന്നു വ്യക്തമാണ്. ആയുധങ്ങളെല്ലാം വളരെ പെട്ടെന്നുതന്നെ നശിപ്പിക്കുമെന്നാണു കരുതുന്നത്– ട്രംപ് പറഞ്ഞു. ഉത്തരകൊറിയയിൽ പൂർണമായ, സ്ഥിരമായ, നിരീക്ഷണവിധേയമായ ആണവനിരായുധീകരണത്തിന് എന്തുകൊണ്ടു ശ്രമിച്ചില്ലെന്ന ചോദ്യവും ട്രംപിനു നേരേയുണ്ടായി– ‘ഞാൻ ഒരു ദിവസത്തേക്കാണു വന്നത്. സമ്പൂർണ നിരായുധീകരണത്തിലേക്കുള്ള തുടക്കമിടാൻ കഴിഞ്ഞുവെന്നതാണു നേട്ടം...’ അദ്ദേഹം മറുപടി പറഞ്ഞു.

ആണവനിരായുധീകരണം സംബന്ധിച്ചു കൃത്യമായ നിരീക്ഷണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇരുകൊറിയകളും രാജ്യാന്തര നിരീക്ഷകരും ഉൾപ്പെടുന്നതായിരിക്കും ഇതു സംബന്ധിച്ച പരിശോധന. ആണവനിരായുധീകരണം സംബന്ധിച്ച് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കും. 

വ്യത്യസ്തനാം കിം!

ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയും കിമ്മുമായി ചർച്ച നടന്നു. ഒട്ടേറെ മേഖലകളിൽ അതു കടുത്തതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിഹാര നടപടികളിലേക്കും ഇരുരാജ്യങ്ങളും വൈകാതെ കടക്കും. ഉത്തര കൊറിയയ്ക്കും മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു നല്ല കാര്യങ്ങൾ ചെയ്യാനാണു താൽപര്യമെന്ന് അറിയിച്ചിട്ടുണ്ട്. മികച്ചൊരു ഇടനിലക്കാരൻ കൂടിയാണു കിം. മറ്റുള്ളവരിൽനിന്നു വ്യത്യസ്തനായ നേതാവാണ് അദ്ദേഹം.

ആവശ്യമെന്നു തോന്നുന്ന സമയത്തു കിമ്മിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കും. അനുയോജ്യമായ സമയത്ത് ഉത്തര കൊറിയ സന്ദർശിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൊറിയൻ യുദ്ധകാലത്തെ യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം സംബന്ധിച്ച കാര്യം ചർച്ചയുടെ ഒടുവിലാണു പറഞ്ഞത്. ഒട്ടും മടിക്കാതെയാണ് അക്കാര്യത്തിൽ സഹകരണ സന്നദ്ധത കിം അറിയിച്ചത്– ട്രംപ് പറഞ്ഞു.

‘യുദ്ധക്കളി’ നിർത്താറായി!

യുഎസ് – ദക്ഷിണ കൊറിയ സൈനികാഭ്യാസം നിർത്തുന്നതു സംബന്ധിച്ചും ട്രംപ് തന്റെ അഭിപ്രായം മുന്നോട്ടുവച്ചു. സൈനികരെ തിരികെ രാജ്യത്തേക്കു കൊണ്ടു വരണമെന്നാണ് ആഗ്രഹം. നിലവിലെ ധാരണകളിൽ അതില്ല. പക്ഷേ ‘യുദ്ധക്കളി’ വൈകാതെ തന്നെ അവസാനിപ്പിക്കും. ഒട്ടേറെ ചെലവുള്ള കാര്യം കൂടിയാണല്ലോ യുദ്ധം. അതു സംബന്ധിച്ച് യുഎസിന് ഏറെ ലാഭമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ധാരണാപത്രമെന്നും ട്രംപ് പറഞ്ഞു.

കിമ്മും ട്രംപും തുല്യരാണോ?

ഇരുനേതാക്കളും തുല്യരാണോ എന്ന ചോദ്യവും ട്രംപ് നേരിട്ടു. ‘ഞാനും കിമ്മും ഒരുമിച്ച് ഒരു വേദിയിലെത്തിയാൽ അത് മൂന്നു കോടിയോളം, ഒരുപക്ഷേ അതിനേക്കാളേറെ, ജനങ്ങളെ രക്ഷിക്കുമെങ്കിൽ ഒരുമിച്ചിരിക്കാൻ തയാറാണ്. അതിന്റെ പേരില്‍ സിംഗപ്പൂരിലേക്കും വരാനും സന്തോഷമേയുള്ളൂ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഉത്തര കൊറിയയുമായി ഒരു ഔദ്യോഗിക കരാർ അത്യാവശ്യമാണ്. അതു സംബന്ധിച്ചു തീരുമാനം വൈകാതെയുണ്ടാകും. ചർച്ചകൾ നടക്കുകയാണ്. കിമ്മുമായി ഒരു ഉച്ചകോടി കൂടി ആവശ്യമുണ്ട്. ഉത്തര കൊറിയയുമായുള്ള ബന്ധത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്നതു സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയോടെ പുറത്തുവിടുമെന്നും ട്രംപ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.