Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎയ്ക്കും തടയാനായില്ല: കോന്നി സുരേന്ദ്രനെ കൊണ്ടുപോയി; എന്തുകൊണ്ട് സുരേന്ദ്രൻ?

Konni Surendran കോന്നി സുരേന്ദ്രൻ (ഫയൽ ചിത്രം)

പത്തനംതിട്ട∙ കുങ്കിയാന പരിശീലനത്തിനായി കോന്നി ആനത്താവളത്തിലെ സുരേന്ദ്രൻ എന്ന ആനയെ പുലർച്ചയോടെ മുത്തങ്ങയിലേക്കു കൊണ്ടുപോയി. പകരം മറ്റൊരു ആനയെ കോന്നി ആനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സുരേന്ദ്രനെ കോന്നിയിൽനിന്നു കൊണ്ടുപോകാനുള്ള ശ്രമം അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. 

കേരളത്തിലിപ്പോൾ കുങ്കിയാനകൾ ഇല്ല. കാടിറങ്ങിവരുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ പരിശീലനം ലഭിച്ച കുങ്കിയാനകൾ തന്നെ വേണം. ഇപ്പോൾ ആവശ്യം വരുമ്പോൾ തമിഴ്നാട്ടിൽനിന്നെത്തിക്കുകയാണു പതിവ്. ഇത് എപ്പോഴും സാധ്യമായെന്നു വരില്ല. അതുകൊണ്ടാണ് കുങ്കിയാനകളെ പരിശീലിപ്പിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ സർക്കാർ കാട്ടിയുമില്ല.

കോന്നി ഇക്കോ ടൂറിസം ‍സെന്ററിലെ പ്രധാന ആകർഷണം ആനകളാണ്. എന്നാൽ ഇടയ്ക്ക് ഇവിടെനിന്നു രണ്ട് ആനകളെ കൊണ്ടുപോയതിനു പകരം ആനകളെ കൊടുത്തിട്ടില്ലെന്നും ഇപ്പോൾ ഒരു ആനയെ കൂടി കൊണ്ടുപോകുന്നതു തന്റെ മണ്ഡലത്തിലെ ടൂറിസം പദ്ധതിയെ തകർക്കാനാണെന്നാണ് എംഎൽഎയുടെ ആരോപണം.

എന്തുകൊണ്ട് സുരേന്ദ്രൻ?

കോട്ടൂരിൽ 27 ആനകൾ ഉള്ളപ്പോൾ എന്തിനു സുരേന്ദ്രനെ തന്നെ പരിശീലനത്തിനു കൊണ്ടുപോകുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. വനംവകുപ്പിന്റ കീഴിലുള്ള എല്ലാ ആനകളെയും നിരീക്ഷിച്ച ശേഷമാണ് സുരേന്ദ്രനെയും കോടനാട്ടുനിന്നുള്ള മറ്റൊരാനയെയും തിരഞ്ഞെടുത്തത്.

അൽപം ചട്ടമ്പിത്തരമുള്ള ആനയെ മാത്രമേ കുങ്കിയാന പരിശീലനത്തിന് അയയ്ക്കാനാവൂ. ആരാടാ എന്നു ചോദിച്ചാൽ എന്താടാ എന്നു ചോദിക്കുന്ന ചട്ടമ്പി തന്നെ. അങ്ങനെയുള്ള ആനയ്ക്കേ ഭയമില്ലാതെ കാട്ടാനയെ തുരത്താനാവൂ. മാത്രമല്ല, പൂർണമായി ചട്ടം പഠിപ്പിച്ച ആനയും ആവരുത്. സുരേന്ദ്രന് ഈ ഗുണങ്ങളെല്ലാമുണ്ട്. അതുകൊണ്ടാണു നറുക്കുവീണതും!