Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചിതലരിച്ച’ തലച്ചോറുമായാണ് ഉത്തരകൊറിയ അവനെ തിരിച്ചയച്ചത്; വാംബിയറെന്ന ഓർമച്ചിത്രം

Otto Warmbier ഒട്ടൊ വാംബിയര്‍, കിം ജോങ് ഉൻ (ഫയൽ ചിത്രങ്ങൾ)

സിംഗപ്പൂർ∙ ‘ആ വിദ്യാർഥിയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരിക്കലും സാധ്യമാകില്ലായിരുന്നു. അവന്റെ മരണം ഒരിക്കലും വെറുതെയാകില്ല...’ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. കിമ്മുമായുള്ള ചർച്ചയിലേക്കു വഴിതെളിച്ച ആ വിദ്യാർഥിയുടെ മരണം പക്ഷേ അതീവ ദയനീയമായിട്ടായിരുന്നു. ആ വിഷയം കൃത്യം ഒരു വർഷം മുൻപ് ലോകം ഏറെ ചർച്ച ചെയ്തതുമാണ്. കൊല്ലപ്പെട്ട യുഎസ് വിദ്യാർഥിയുടെ പേര് ഓട്ടൊ വാംബിയർ. 2016ൽ ഉത്തര കൊറിയൻ സന്ദർശനത്തിനിടെയാണ് ആ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലാകുന്നത്. 

പുതുവർഷത്തോടനുബന്ധിച്ച് അഞ്ചുദിവസത്തെ വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഈ വിർജീനിയ സർവകലാശാല വിദ്യാർഥി. തിരികെ പോകുന്നതിനിടെ ഉത്തര കൊറിയൻ പ്രചാരണ ബാനർ മോഷ്ടിച്ചെന്നായിരുന്നു അറസ്റ്റ് ചെയ്യാനുള്ള കാരണമായി പറഞ്ഞത്. ഉത്തര കൊറിയയുടെ സുപ്രീം കോടതി ഒന്നര മണിക്കൂർ മാത്രം നീണ്ട വിചാരണയ്ക്കൊടുവിൽ വാംബിയറിനെ തടവിനു വിധിച്ചു. തടവറയില്‍ 15 വർഷത്തെ അതികഠിനമായ ജോലി ശിക്ഷയും വിധിച്ചു.

മാനുഷിക പരിഗണന നൽകി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസ് നയതന്ത്ര സംഘം ഉത്തര കൊറിയയ്ക്കു മേൽ ചെലുത്തിയ നിരന്തര സമ്മർദം ഫലം കണ്ടെങ്കിലും തടവുശിക്ഷ ഒന്നര വർഷം കഴിഞ്ഞിരുന്നു. അങ്ങനെ 2017 ജൂണിൽ വാംബിയറെ ഉത്തര കൊറിയ തിരികെ അയച്ചു. യുഎസിലെത്തിയ വാംബിയറെ കണ്ട ഉറ്റവർ ഞെട്ടിത്തരിച്ചു പോയി. മൃതതുല്യനായിരുന്നു അവൻ. 

മാതാപിതാക്കൾക്കരികിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആ വാർത്തയും ലോകം ഞെട്ടലോടെ കേട്ടു– വാംബിയർ മരിച്ചു. വാംബിയറിന്റെ മരണത്തിനു പിന്നാലെ കുടുംബത്തിന് അനുശോചനമറിയിച്ചു പറഞ്ഞ കാര്യങ്ങൾ പോലും ട്രംപ് പക്ഷേ സിംഗപ്പൂർ കൂടിക്കാഴ്ചയിൽ മറന്നു. വാംബിയറിന്റെ മാതാപിതാക്കളായ ഫ്രെഡിനും സിൻഡിക്കും അന്നു മുതലിന്നു വരെ നേരിടേണ്ടി വന്നത് ജീവിതം തന്നെ മാറ്റിമറിച്ച കഠിനനിമിഷങ്ങളെയാണ്. 

2017 ജൂൺ 20നാണ് ഒട്ടൊ വാംബിയർ അമേരിക്കയിലേക്കു തിരികെയെത്തുന്നത്. അതിനും ഒരാഴ്ച മുൻപു തന്നെ മകൻ കോമയിലായ വിവരം ഉത്തര കൊറിയ അറിയിച്ചിരുന്നു. എന്നാൽ മകനെ സ്വീകരിക്കാൻ ഒഹായോയില്‍ എത്തിയ മാതാപിതാക്കൾ കേട്ടത് അസാധാരണമായ ഒരു ശബ്ദമായിരുന്നു. തികച്ചും വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് അന്തരീക്ഷത്തിലേക്കു നോക്കി വിറയ്ക്കുകയായിരുന്നു മകനെന്ന് ഫ്രെഡി ഓർക്കുന്നു. കോമയിലായിരുന്നില്ല അവൻ. മറിച്ച് എന്തൊക്കെയോ മരുന്നു കൊടുത്ത് തളർത്തിയ അവസ്ഥ. വൈകാതെ തന്നെ സിൻസിനാറ്റി മെഡിക്കൽ സെന്ററിലെത്തിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കി. 

തല മുണ്ഡനം അവസ്ഥയിലായിരുന്നു ആ കൗമാരക്കാരൻ. യന്ത്രസഹായത്തോടെയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. പല്ലുകളിലെ താഴത്തെ നിര ആരോ പറിച്ചെടുത്ത് സ്ഥാനം തെറ്റി വച്ച നിലയിലായിരുന്നു. വലതുകാലിൽ ഒരു വലിയ മുറിവും. ‘ബോട്ടുലിസ’മാണ് ആ അവസ്ഥയ്ക്കു കാരണമായി ഉത്തര കൊറിയ പറഞ്ഞിരുന്നത്. ഭക്ഷണത്തിൽ നിന്നോ മുറിവിൽ നിന്നോ വിഷബാധയേൽക്കുന്നതാണിത്. ഇതിനു പിന്നാലെ ഉറക്കഗുളിക നൽകിയിരുന്നു. അത് കഴിച്ചതോടെയാണ് എന്നന്നേക്കുമായി കിടപ്പിലായതെന്നും ഉത്തരകൊറിയ പറഞ്ഞു. 

എന്നാൽ വാംബിയറെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു– ബോട്ടുലിസത്തിന്റെ യാതൊരു ലക്ഷണവുമില്ല. ഏതൊക്കെയോ മരുന്നു കുത്തി വച്ചാണ് ഈ അവസ്ഥയിലാക്കിയത്. അതിക്രൂരമായ പീഡനത്തിനും ഇരയായിരുന്നു. തടവിൽ കഴിയവെ യുവാവിനെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണു കരുതപ്പെടുന്നത്. തലച്ചോറിൽ നടത്തിയ പരിശോധനയിൽ അവിടം ‘ചിതലരിച്ചതു’ പോലെയാണെന്നാണു കണ്ടെത്തിയത്. മസ്തിഷ്കത്തിൽ നിന്ന് അത്രയേറെ ഭാഗങ്ങൾ നഷ്ടമായിരുന്നു. തലച്ചോറിൽ കടുത്ത രക്തസ്രാവവുമുണ്ടായിരുന്നു. 

വാംബിയറിന്റെ മരണത്തിനു പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. നിയമം അനുസരിക്കാതെ പ്രവർത്തിക്കുന്ന, മനുഷ്യത്വം തൊട്ടുതീണ്ടാത്ത കിരാത ഭരണകൂടത്തിന്റെ കയ്യിൽ നിന്നു പാവപ്പെട്ട ജനതയെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണു താനെന്നായിരുന്നു ഉത്തര കൊറിയയെ ലക്ഷ്യമിട്ടുള്ള ആ ട്വീറ്റ്. കസ്റ്റഡിയിൽ യുവാവിനു ക്രൂരമർദനമേറ്റതായി ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെന്നു യുഎസും വ്യക്തമാക്കി. വാംബിയറിന്റെ മാതാപിതാക്കൾ കിം ഭരണകൂടത്തെ വിളിച്ചത് ഭീകരരുടെ രാജ്യം എന്നായിരുന്നു. ഉത്തര കൊറിയ നടപ്പാക്കിയ ഭീകരപ്രവർത്തനമാണു തന്റെ മകന്റെ മരണത്തിന്റെ കലാശിച്ചതെന്നും അവർ പറഞ്ഞു. പിന്നീട് ഒട്ടേറെ ലോകവേദികളിലും അവർ കിമ്മിന്റെ ഈ ഭീകരതയെപ്പറ്റി സംസാരിച്ചിരുന്നു. രാജ്യാന്തര കോടതിയിൽ ഉത്തരകൊറിയയ്ക്കെതിരെ പരാതിയും നൽകി.

വാംബിയറിനെ തിരികെ കൊണ്ടുവരാനായത് ട്രംപിന്റെ നയതന്ത്ര നേട്ടമായാണു വിലയിരുത്തിയിരുന്നത്. ‘വാംബിയറിന്റെ മരണത്തിനു പിന്നാലെ ചിലതു സംഭവിച്ചു. തികച്ചും ക്രൂരമായിരുന്നു അത്. അതിനിഷ്ഠൂരവും. എന്നാല്‍ ആ സംഭവത്തോടെയാണ് ‘ഒട്ടേറെ പേർ’ ഉത്തരകൊറിയയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്തിനേറെപ്പറയണം മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഉത്തര കൊറിയ പോലും ശ്രദ്ധാലുവാകും വിധമുള്ള സംഭവങ്ങളാണു തുടർന്നുണ്ടായത്’– ട്രംപ് സിംഗപ്പൂരിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

എന്നാൽ കിമ്മുമായുള്ള ആദ്യ ചർച്ചയിൽ വാംബിയറുമായി ബന്ധപ്പെട്ട കാര്യമായ ചർച്ച നടത്താതിരുന്നതിന്റെ പേരിൽ ട്രംപിനു നേരെ വിമർശനവുമുയർന്നിട്ടുണ്ട്. ചർച്ചയിലേക്കുള്ള വഴിതെളിച്ചതു തന്നെ ആ വിദ്യാര്‍ഥിയാണെന്നു പറയുമ്പോൾ പ്രത്യേകിച്ചും. ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ചയായെങ്കിലും അതിന്മേൽ മൃദു നിലപാടെടുത്താണ് ട്രംപ് സംസാരിച്ചതെന്ന വിമർശനവുമുയർന്നു. ഉത്തര കൊറിയയുമായുള്ള തുടർ ചർച്ചകളിലെങ്കിലും വാംബിയറിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ട്രംപിൽ നിന്നുണ്ടാകുമെന്നാണു രാജ്യാന്തര സമൂഹം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.