സിംഗപ്പൂർ ∙ ചരിത്ര സംഗമത്തിനെത്തിയ ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിനു തന്റെ ഔദ്യോഗിക വാഹനമായ ലിമോസിൻ പരിചയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്രം. ഉച്ചകോടിയ്ക്കു ശേഷം സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിന്റെ പരിസരത്തു സംഭാഷണത്തിലേർപ്പെട്ടു നടക്കുന്നതിനിടെയാണ് ‘ദ് ബീസ്റ്റ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന തന്റെ ബുള്ളറ്റ്പ്രൂഫ് ലിമോസിന്റെ ഉൾവശം ട്രംപ്, കിമ്മിന് പരിചയപ്പെടുത്തിയത്.
Read More: മിസൈൽ ചെറുക്കും ബീസ്റ്റ്, ബോംബിട്ടാലും തകരാത്ത ബെൻസ്
ട്രംപിന്റെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥൻ ലിമോസിന്റെ വാതിൽ തുറന്നുകൊടുക്കുകയും തുടർന്ന് ട്രംപ് കാറിന്റെ ഉൾവശം കിമ്മിനു പരിചയപ്പെടുത്തുകയുമായിരുന്നു. എന്നാൽ വാഹനത്തിന് അകത്തേക്കു കടക്കാന്‍ കിം തയാറായില്ല. ചിരിയോടെ തിരികെ നടക്കുകയും ചെയ്തു.
എയർഫോഴ്സ് വൺ വിമാനം പോലെ അതീവസുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമുള്ള വാഹനമാണു ബീസ്റ്റ്. 16 ലക്ഷം ഡോളറാണു നിർമാണ ചെലവ്.
എട്ട് ഇഞ്ച് കനത്തിലുള്ള ബോഡിയും സ്ഫോടനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന പ്രത്യേക സംവിധാനങ്ങളുള്ള ഇന്ധനടാങ്കും രാസായുധാക്രമണം ഉൾപ്പെടെയുള്ളവയിൽ നിന്നു സുരക്ഷ ഉറപ്പാക്കി അഞ്ച് ഇഞ്ച് കനത്തിലുള്ള ബുള്ളറ്റ്പ്രൂഫ് ജാലകങ്ങളും ഉൾപ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങൾ ബീസ്റ്റിന്റെ പ്രത്യേകതയാണ്.
കിമ്മിനു വാഹനം പരിചയപ്പെടുത്തുന്ന വാഹനത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളും ആ കാഴ്ച ഏറ്റെടുത്തു.