Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയുടെ ശരീരത്തിൽ ടാറൊഴിച്ച് റോഡിനോടു ചേർത്തുറപ്പിച്ചു; ക്രൂര സംഭവം ആഗ്രയിൽ

road-build-on-dog സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

ആഗ്ര∙ വഴിയരികിൽ കിടന്നുറങ്ങിയ നായയുടെ ശരീരത്തിൽ ടാറൊഴിച്ച് റോഡിനോടു ചേർത്തുറപ്പിച്ചെന്നു പരാതി. ചൊവ്വ രാത്രി ആഗ്രയിലെ ഫത്തേഹാബാദിലാണ് സംഭവം. ശരീരത്തിന്റെ പാതിഭാഗം തിളച്ച ടാറിനുള്ളിലും ബാക്കി പുറത്തുമായി നായ ജീവനുവേണ്ടി പിടഞ്ഞുകരഞ്ഞെന്നും സമീപവാസികൾ പറയുന്നു. നായയെ കണ്ടിട്ടും പണിക്കാർ ടാർ ഒഴിക്കുകയായിരുന്നത്രേ. പിന്നീട് നായയുടെ മുകളിലൂടെ റോളർ കയറ്റിയിറക്കിയെന്നും സാമൂഹിക പ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. പാതി ശരീരം റോഡിനടിയിൽപെട്ട നിലയിലുള്ള നായയുടെ ചിത്രം ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധമുയരുന്നുണ്ട്.

ഫൂൽ സയേദ് ക്രോസിങ്ങിൽനിന്ന് താജ്മഹൽ ഭാഗത്തേക്കുള്ള റോഡാണിത്. ഉറങ്ങുകയായിരുന്ന നായയെ ഓടിക്കാതെ അതിനു മുകളിൽ തിളച്ച ടാർ ഒഴിച്ച് റോഡിനോടു ചേർക്കുകയായിരുന്നു. നായ കരഞ്ഞെങ്കിലും അതിനു മുകളിലൂടെ റോളർ കയറ്റി ഉറപ്പിച്ചു. പിന്നീട് നായയുടെ ശവശരീരം കാണാതായെന്നും പരിസരവാസികൾ പറയുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരും മൃഗസംരക്ഷണ പ്രവർത്തകരും റോഡ് നിർമാണക്കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞുവയ്ക്കുകയും നടപടിയാവശ്യപ്പെട്ട് ആഗ്രയിലെ സദർ‌ പൊലീസ് സ്റ്റേഷനു മുമ്പിൽ തടിച്ചുകൂടുകയും ചെയ്തു.

എന്നാൽ, ടാറിങ് നടന്നത് രാത്രിയായതിനാൽ നായ കിടക്കുന്നതു ശ്രദ്ധയിൽപെട്ടില്ലെന്നാണ് നിർമാണ തൊഴിലാളികളുടെ വിശദീകരണം. നിർമാണ തൊഴിലാളികൾക്കെതിരെയും സ്വകാര്യ നിർമാണ കമ്പനിക്കെതിരെയും വൻ പ്രതിഷേധമാണ് സംഭവസ്ഥലത്തും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. കമ്പനിക്കെതിരെ മുന്നറിയിപ്പു നോട്ടിസ് അയച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ നരേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ കണ്ടെത്തി ജോലിയിൽനിന്നു പുറത്താക്കുമെന്നും കോൺട്രാക്ടർ ഇൻ ചാർജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.